ശബരിമല സീസണിൽ എരുമേലിയിലെ റോഡുകളിൽ വെയിൽച്ചൂടിൽ ഡ്യൂട്ടി ചെയ്യേണ്ടി വന്ന സ്പെഷൽ പോലീസുകാർക്ക് ആശ്വാസത്തിന്റെ തണലായി തൊപ്പി.
ഇനി പകൽച്ചൂട് മാത്രമല്ല രാത്രി മുതൽ പുലരും വരെയുള്ള തണുപ്പിലും മഞ്ഞിലും കരുതലായി തലയിൽ തൊപ്പിയുണ്ടാകും.
170 പേരാണ് കഴിഞ്ഞ ദിവസം ഡ്യൂട്ടി ആരംഭിച്ചത്. കാക്കി വേഷമാണെങ്കിലും പോലീസുകാർക്കുള്ളതു പോലെ തൊപ്പി ഇവർക്ക് ഇല്ലാത്തതിനാൽ പകൽസമയത്തു ചൂട് സഹിച്ചാണ് ഇവർ ഡ്യൂട്ടി നിർവഹിച്ചിരുന്നത്.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈൽ മേരി ക്വീൻസ് ആശുപത്രി ഡയറക്ടർകൂടിയായ ഫാ. മാർട്ടിൻ മണ്ണനാൽ എല്ലാവർക്കും തൊപ്പി വാങ്ങി നൽകാൻ താത്പര്യം അറിയിച്ചു.
ഇന്നലെ എരുമേലിയിൽ തൊപ്പി വിതരണം നടത്തുകയായിരുന്നു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടനും ഫാ. മാർട്ടിനും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്നു സ്പെഷൽ പോലീസ് അംഗങ്ങളുടെ തലയിൽ തൊപ്പി വച്ചു നൽകി.
ശബരിമല പാതകളിൽ ഗതാഗത നിയന്ത്രണത്തിന് 24 മണിക്കൂർ സേവനമായാണ് സ്പെഷൽ പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്.