ലണ്ടൻ: ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ നഗരം യുഎസിലെ ന്യൂയോർക്ക്. ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ചെലവേറിയ നഗരങ്ങളുടെ പട്ടികയിലാണ് ന്യൂയോർക്ക് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതാദ്യമായാണ് ന്യൂയോർക്ക് ഒന്നാമതെത്തുന്നത്.
യുഎസിലെ ഉയർന്ന പണപ്പെരുപ്പമാണ് ന്യൂയോർക്കിനെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. സിംഗപ്പുരാണ് രണ്ടാമത്.
കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനക്കാരായ ടെൽ അവീവാണ് മൂന്നാമത്. ഹോങ്കോംഗ്, ലോസ് ആഞ്ചലസ്, സൂറിച്ച്, ജനീവ, സാൻഫ്രാൻസിസ്കോ, പാരിസ്, കോപൻഹേഗൻ, സിഡ്നി എന്നീ നഗരങ്ങൾ യഥാക്രമം നാലു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലെത്തി.
ഡമാസ്കസ്, ട്രിപോളി എന്നിവയാണ് ഏറ്റവും ചെലവുകുറഞ്ഞ നഗരങ്ങൾ.ലോകത്തെ 173 നഗരങ്ങളിലാണ് സർവേ നടത്തിയത്.
90 രാജ്യങ്ങളിലെ ഇരുനൂറിലധികം ഉല്പന്നങ്ങളും സേവനങ്ങളും അടിസ്ഥാനമാക്കി നാനൂറിലധികം വിലകളാണ് താരതമ്യം ചെയ്തത്.