ദോഹ: സൂപ്പർ താരം നെയ്മർ കളത്തിലേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണ കൊറയയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ജഴ്സിയിൽ നെയ്മർ കളിക്കും. പരിശീലകൻ ടിറ്റെയാണ് ഇക്കാര്യം അറിയിച്ചത്.
കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മർ ഞായറാഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് ഭേദമായെന്നും ദക്ഷിണ കൊറയയ്ക്കെതിരെ കളിക്കുമെന്നും ടിറ്റെ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരായ ആദ്യമത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്.
ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ നെയ്മർക്ക് നഷ്ടമായി. അതിൽ കാമറൂണിനെതിരായ അവസാന മത്സരം ബ്രസീൽ തോൽക്കുകയും ചെയ്തു.
നെയ്മർ മടങ്ങിവരുന്നത് കാനറികൾക്ക് ആശ്വാസമാണെങ്കിലും ഗബ്രിയേൽ ജീസസിനെയും അലക്സ് ടെല്ലസിനെയും പരിക്ക് മൂലം നഷ്ടപ്പെട്ടത് ആശങ്കയായിട്ടുണ്ട്.