ആലപ്പുഴ: ഒരു ജന്മസാഫല്യത്തിന്റെ നിറവിലാണ് സ്മൃതിലക്ഷ്മിയും കുടുംബവും. മെഡിസിന് അഡ്മിഷൻ കിട്ടിയെങ്കിലും സാമ്പത്തിക വിഷമത തടസമായി നിൽക്കുമ്പോഴാണ് ഭാഗ്യദേവത കളക്ടറുടെ രൂപത്തിൽ കടന്നുവന്നത്.
അഡ്മിഷന് മുൻപായി നൽകേണ്ട 10 ലക്ഷം രൂപ, അഡ്മിഷന് ശേഷം സാവധാനം നൽകാൻ സാഹചര്യം ഒരുക്കണമെന്ന അഭ്യർഥനയുമായാണ് സ്മൃതിലക്ഷ്മി ബന്ധുക്കൾക്കൊപ്പം കളക്ടർ കൃഷ്ണ തേജ ഐഎഎസിനെ കാണാൻ എത്തിയത്.
മലബാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് സ്മൃതിലക്ഷ്മിക്ക് അഡ്മിഷൻ ലഭിച്ചത്.ആലപ്പുഴയിൽനിന്ന് ചേർത്തലയ്ക്കു പോകാൻ ഒരുങ്ങുമ്പോഴാണ് കളക്ടറുടെ വിളി എത്തിയത്.
പറ്റുമെങ്കിൽ മടങ്ങിയെത്താനായിരുന്നു നിർദേശം. വീണ്ടും കളക്ടർക്കു മുന്നിലെത്തിയപ്പോൾ സ്മൃതി ലക്ഷ്മിക്ക് കൈമാറിയത് ആറു ലക്ഷത്തിന്റെ ചെക്ക്.
ഒട്ടും നിനയ്ക്കാതെ ഭാഗ്യദേവത കടന്നുവന്നതിന്റെ അമ്പരപ്പിൽ നിൽക്കുമ്പോൾ കളക്ടറുടെ സാന്ത്വനം വീണ്ടുമെത്തി. ബാക്കി തുകയ്ക്കു കൂടി ശ്രമം നടത്താം.
തുടർന്ന് സോഷ്യൽ മീഡിയ വഴി നടത്തിയ പണസമാഹരണത്തിൽ ലഭിച്ചത് നാലു ലക്ഷം. സ്മൃതിലക്ഷ്മിയുടെ മാതാവ് മനോഹരിയുടെ കുടുംബമായ വെള്ളിയാകുളം ചിറക്കാട്ട് കുടുംബത്തിന്റെ അഭ്യുദയകാംക്ഷികളുടെ സഹകരണവും ലഭിച്ചു.
നന്ദി പറയാൻ ഇന്നലെ കളക്ടറേറ്റിലെത്തിയ ബന്ധുക്കൾ നൽകിയ ലഡു കളക്ടർ സന്തോഷത്തോടെ സ്വീകരിച്ചു. സ്മൃതിലക്ഷ്മിയെ അനുജത്തിയായി കണ്ട് എല്ലാ സഹായങ്ങളും നൽകാമെന്ന വാഗ്ദാനവും നൽകിയാണ് അവരെ മടക്കി അയച്ചത്.
കയർ തൊഴിലാളിയായിരിന്നു സ്മൃതിലക്ഷ്മിയുടെ പിതാവ് മോഹനൻ. എട്ടു വർഷം മുൻപ് മരിച്ച ശേഷം കൂലിവേല ചെയ്താണ് മനോഹരി മകളെ പഠിപ്പിച്ചത്.