തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി തൊടുപുഴ നഗരത്തില്‍ നാലംഗ സംഘം പിടിയിലായ സംഭവം എക്സൈസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും.
പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന് (33), കോട്ടോപാടം വളപ്പില്‍ വി. സുല്‍ഫിക്കര്‍ അലി (27), കോട്ടോപാടം വളപ്പില്‍ വി. മുഹമ്മദ് ഷൗക്കത്തലി (28), കുമരംപുത്തൂര്‍ അക്കിപാടം ബംഗ്ലാവ്പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
പ്രതികളില്‍നിന്നു കഞ്ചാവിനൊപ്പം കഠാര ഉള്‍പ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്ത സാഹചര്യത്തിലാണ് കേസില്‍ എക്സൈസ് വിശദമായ അന്വേഷണം നടത്തുന്നത്.
തടി, വാഹനം എന്നിവയുടെ കച്ചവടവുമായി ബന്ധപ്പെട്ട് തൊടുപുഴയിലെത്തിയെന്നാണ് പ്രതികള്‍ എക്സൈസിനു മൊഴി നല്‍കിയത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു മുഖവിലക്കെടുത്തിട്ടില്ല.
അഗളിയില്നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നു പ്രതികള്‍ പോലീസിനോടു പറഞ്ഞു.കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപ്കുമാര്. വന്‍ മയക്കുമരുന്ന് ഇടപാടിനോ, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആയിരിക്കാം ഇവര്‍ എത്തിയതെന്നാണ് സംശയം.
മാരകായുധം കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസും അന്വേഷണം നടത്തുന്നുണ്ട്. പാലക്കാട് ഇവര്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം തൊടുപുഴ നഗരത്തില്‍ പാലാ റോഡിലെ തിയറ്ററിനു സമീപത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.