കേളകം: കേളകം സ്വദേശിയായ വ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.
കേളകം ടൗണിലെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്ത് മാത്യു എന്ന മത്തച്ചനെ (60) യാണ് മാനന്തവാടി കണിയാരത്ത് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മാനന്തവാടി കണിയാരം ജികെഎം ഹൈസ്കൂൾ കോന്പൗണ്ടിന് സമീപത്തെ ആളൊഴിഞ്ഞ റബർതോട്ടത്തിൽ നിർത്തിയിട്ട കാറിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിൽ തീ പടരുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
നാട്ടുകാർ വിരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴാണ് ഒരാൾ ഡ്രൈവർ സീറ്റിൽ ഉള്ള വിവരം ശ്രദ്ധയിൽപെടുന്നത്.
മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വാഹനത്തിന്റെ നമ്പർ ആണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. മാനന്തവാടി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ആദ്യം പളളിയുടെ മുമ്പിൽ വാഹനം പാർക്ക് ചെയ്തായും പിന്നീട് റബർ തോട്ടത്തിലേക്ക് പോയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഡ്രൈവർ സീറ്റ് ചെരിച്ചിട്ടതും ഡോർ തുറന്ന് കിടന്നതും വിശ്രമിക്കുന്ന സമയത്ത് ഷോർട്ട് സർക്യൂട്ട്മൂലം തീ പടർന്നതാകാം എന്ന സംശയം വർദ്ധിപ്പിക്കുന്നു.
ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മത്തച്ചന് ഇല്ലന്നാണ് സുഹൃത്തുക്കളു ബന്ധുക്കളും പറയുന്നത്. ഈ മാസം 26ന് മകളുടെ കല്യാണം നടക്കാനിരിക്കെ അതിന്റെ ഒരുക്കത്തിലായിരുന്നു മത്തച്ചൻ.
കൊളക്കാടേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇന്നലെ രാവിലെ മാത്യു വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഭാര്യ: ഷൈബി. മക്കൾ: സാന്ദ്ര, മാനസ. സഹോദരങ്ങൾ: തെയ്യാമ്മ, സിസ്റ്റർ വിനീത, ഫാ. ഡൊമിനിക് സിഎംഐ (ഭോപ്പാൽ), ഔസേപ്പച്ചൻ, ജിമ്മി, സാബു, പരേതനായ ജോയി (മഹാറാണി ടെക്സ്റ്റൈൽസ്, തൊട്ടിൽപാലം)