20 രൂപ ചെലവില്‍ ഊണ് കഴിക്കാനുള്ള അവസരം ഒരുക്കി സംസ്ഥാനത്താകമാനം തുറന്ന കുടുംബശ്രീ ഹോട്ടലുകള്‍ വന്‍ കടക്കെണിയില്‍.
സര്‍ക്കാര്‍ വാഗ്ദാനംചെയ്തിരുന്ന സബ്സിഡി കൃത്യമായി കിട്ടാതായതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്.
ഏഴു മാസത്തെ സബ്സിഡി കുടിശികയില്‍ മൂന്നു മാസത്തെ തുക മാത്രമാണ് കഴിഞ്ഞ ആഴ്ച നല്‍കിയത്. 14 ജില്ലകള്‍ക്കായി 10 കോടി രൂപയാണ് അനുവദിച്ചത്.
‘വിശപ്പുരഹിത കേരളം’ ലക്ഷ്യമാക്കി 2020 -21ലെ ബഡ്ജറ്റിലാണ് ജനകീയ ഹോട്ടല്‍ പദ്ധതി പ്രഖ്യാപിച്ചത്.
വര്‍ഷം 60 കോടി സബ്സിഡിക്കായി നീക്കിവച്ചിട്ടുണ്ട്. അതില്‍ ഈ സാമ്പത്തികവര്‍ഷം മൊത്തം 30 കോടിയാണ് ഇതുവരെ അനുവദിച്ചത്. 30 കോടി ബാക്കിയാണ്.
1171 ജനകീയ ഹോട്ടലുകളാണ് കോവിഡ് കാലത്ത് ആരംഭിച്ചത്. ഇപ്പോള്‍ 1198ലെത്തി. രണ്ടു മാസമായി പുതിയതൊന്നും തുടങ്ങിയിട്ടില്ല. അനിവാര്യമെങ്കില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം.
50 മുതല്‍ 2500 ഊണ് വരെയാണ് ജനകീയ ഹോട്ടലുകളിലെ പ്രതിദിന വില്പന. മൂന്നു മുതല്‍ മുപ്പതു വരെ കുടുംബശ്രീക്കാര് ഒരോ ഹോട്ടലിന്റെയും അണിയറയിലുണ്ട്.
20 രൂപയ്ക്ക് ഊണു കൊടുക്കുമ്പോള്‍ പത്തു രൂപ സര്‍ക്കാര്‍ നല്‍കുമെന്നാണ് വ്യവസ്ഥ. അയ്യായിരത്തോളം സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗവുമാണ്.
എന്നാലിപ്പോള്‍ മിക്ക ഹോട്ടലുകളും പ്രതിസന്ധിയില്‍ വഴിമുട്ടിയിരിക്കുകയാണ്.
സപ്ലൈകൈ വഴി കുറഞ്ഞ നിരക്കില്‍ റേഷനരി അനുവദിച്ചിട്ടുണ്ടെങ്കിലും റേഷനരിയോട് ആളുകള്‍ താല്പര്യം കാണിക്കാത്തത് പ്രതിസന്ധി തുടരാന്‍ കാരണമാകുന്നു.
അതിനാല്‍ പൊതു വിപണിയില്‍ നിന്നാണ് ഇപ്പോള്‍ അരി വാങ്ങുന്നത്. സബ്സിഡിയിനത്തില്‍ 30 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത്.