അടിമാലി : കൊല്ലത്തെ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിനോദ സഞ്ചാരത്തിന് മൂന്നാറിൽ എത്തി മടങ്ങിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
കൊല്ലം അഞ്ചൽ സ്വദേശി സുകുമാരൻ നായർ(55)ക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30നാണ് കേസിന് ആസ്പദമായ സംഭവം.
രണ്ടു വാഹനങ്ങളിലാണ് കുട്ടികൾ മൂന്നാറിൽ എത്തിയത്. ഒരു ബസിൽ ആണ്‍കുട്ടികളും മറ്റൊന്നിൽ പെണ്‍കുട്ടികളുമായിരുന്നു.
മൂന്നാറിൽനിന്ന് തിരികെ അടിമാലിയിൽ എത്തി ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തേക്കിറങ്ങി കൂട്ടുകാരുമായി സെൽഫി എടുക്കുന്പോൾ ബസ് ഡ്രൈവർ അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് കുട്ടി പോലീസിനു മൊഴി നൽകി. ഇതേത്തുടർന്നാണ് ഡ്രൈവർക്കെതിരേ അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇയാൾ ഒളിവിലാണ്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ, വിഷയത്തിൽ ഇടപെട്ട ആണ്‍കുട്ടികളുമായി ബസ് ജീവനക്കാർ കൈയാങ്കളിയിലെത്തി.
ഹോട്ടലുടമ മധ്യസ്ഥ ശ്രമത്തിന് എത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. ഇതോടെ ഹോട്ടൽ തൊഴിലാളികളും വാഹന ജീവനക്കാരോടൊപ്പം ചേർന്നു കുട്ടികളെ ആക്രമിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. അഞ്ചു വിദ്യാർഥികളെ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് ഹോട്ടൽ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇന്നലെ വിട്ടയച്ചു. പരിക്കേറ്റ വിദ്യാർഥികൾ നാട്ടിലേക്കു മടങ്ങി.
ഹോട്ടൽ ഉടമയുടെ നേത്യത്വത്തിൽ കുട്ടികളെ ആക്രമിച്ചു ഗുരുതരമായി പരിക്ക് ഏൽപ്പിച്ചിട്ടും പോലീസ് നിസാര കേസെടുത്ത് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും സംരക്ഷിക്കുകയായി രുന്നെന്ന് ആക്ഷേപമുണ്ട്.