സ്വന്തം ലേഖകന്‍
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖയിൽനിന്ന് കോടികൾ തിരിമറി നടത്തിയ സീനിയർ മാനേജർ എം.പി. റിജിൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
അതേസമയം, റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും പ്രതിയെ അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല.
ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരു. ഇത്രയും വിദഗ്ധമായി തട്ടിപ്പ് നടത്തിയ റിജിലിനെ തന്ത്രപരമായി തന്നെ ചോദ്യം ചെയ്താലേ തട്ടിപ്പ് നടത്തിയ രീതിയും മറ്റ് സാങ്കേതിക വശങ്ങളും വ്യക്തമാകുകയുള്ളു.
റിജില്‍ നടത്തിയ തട്ടിപ്പിന്റെ കണക്ക് തിട്ടപ്പെടുത്താന്‍ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞത്. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഇടപാടുകള്‍ നിത്യേനെ പരിശോധിക്കാന്‍ കോര്പറേഷന് നടപടി തുടങ്ങി.
കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞമാസം 29 നാണ്. അന്നുതൊട്ട് അന്വേഷണം നടത്തുന്നുണ്ടെന്നാണ് പോലീസ് വിശദീകരണം.
മൂന്നിന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ പ്രതി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ല കോടതിയില്‍ നല്കി.
കോര്‍പറേഷന്റെ എട്ട് അക്കൗണ്ടുകളില്‍നിന്നും സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നുമായി റിജില്‍ നടത്തിയ തിരിമറിയുടെ കണക്ക് തിട്ടപ്പെടുത്താനും പണം ചെലവിട്ട വഴികള്‍ കണ്ടെത്താനുമാണ് അന്വേഷണ സംഘം കൂടുതല്‍ സമയവും ചെലവിട്ടത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ പ്രതിക്കായുളള അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, നഷ്ടപ്പെട്ട പണം മുഴുവന്‍ തിരിച്ച് ഉടന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബാങ്കിന് കോര്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സാങ്കേതിക തടസങ്ങൾ പരിഹരിച്ച് പണം തിരികേ അക്കൗണ്ടിലിടുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഇതിനായി ബാങ്ക് സാവകാശം തേടിയിട്ടുണ്ട്.