മുംബൈക്കാരനായ റമീസ് ഷെയ്ഖ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ സംസാരവിഷയം. വെള്ളിയാഴ്ച്ച നിസ്കാരത്തിനായി ഓട്ടോയില്‍ കയറിയ റമീസ് പള്ളിയിലെത്തിയപ്പോഴാണ് പേഴസ് എടുത്തില്ലെന്ന കാര്യം അറിയുന്നത്. കുറച്ചുനേരം വെയ്റ്റ് ചെയ്യുകയാണെങ്കില്‍ ഓട്ടോ കാശിനൊപ്പം വെയ്റ്റിംഗ് ചാര്‍ജും നല്‍കാമെന്ന് റമീസ് ഓട്ടോക്കാരനോട് പറഞ്ഞു. റമീസിന് ഓട്ടോ ഡ്രൈവര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
റമീസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം- തിടുക്കപ്പെട്ട് ഓഫീസിസില് നിന്നിറങ്ങുമ്പോള്‍ പേഴ്സ് എടുക്കാന്‍ മറന്നിരുന്നു. ഓട്ടോയില്‍ കയറിയശേഷമാണ് അക്കാര്യം അറിയുന്നത്. (ഞാന്‍ ഓട്ടോയില്‍ കയറുമ്പോള്‍ കണ്ണാടിയില്‍ ഗണപതി ഉത്സവത്തിന്റെ സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നു അയാള്‍) പള്ളിയില്‍ വിട്ടശേഷം നമസ്കാരം കഴിയുംവരെ വെയ്റ്റ് ചെയ്യാമോയെന്ന് അയാളോട് ചോദിച്ചു. തിരികെ ഓഫീസിലെത്തിച്ചാല്‍ വെയ്റ്റിംഗ് ചാര്‍ജ് കൂടി നല്‍കാമെന്നും പറഞ്ഞു.
പള്ളിയുടെ മുന്നിലിറക്കിയശേഷമുള്ള അയാളുടെ പ്രവൃത്തി എന്നെ ഞെട്ടിച്ചു. തിരികെ ഓഫീസിലേക്കു പോകാനുള്ള പണം അയാള്‍ എനിക്കായി നീട്ടി. അയാള്‍ക്ക് കാത്തുനില്ക്കാന് സാധിക്കുമായിരുന്നില്ല. പക്ഷേ, പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ട് ഞാന്‍ മടങ്ങാന്‍ ബുദ്ധിമുട്ടരുതെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പണം ഞാന്‍ വാങ്ങിയില്ല. പകരം അദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ കുറിച്ചെടുത്തു. ശുക്ലാജിയെ നിങ്ങള്‍ കണ്ടുനോക്കൂ, നെറ്റിയില്‍ ചുവപ്പ് ഗോപി, ഗണപതി ഭക്തന്, ഓട്ടോക്കാരന്, വേറൊരു മതവിശ്വാസിയുടെ പ്രാര്‍ഥന ഉറപ്പുവരുത്താന്‍ എന്തും ചെയ്യാന്‍ തയ്യാറായവന്.
റമീസിന്റെ പോസ്റ്റ് പെട്ടെന്നുതന്നെ വൈറലായി. രണ്ടു മണിക്കൂറിനുള്ളില്‍ പതിനായിരത്തോളം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. കുറച്ചുമണിക്കൂറുകള്ക്കുശേഷം റെമീസ് അപ്ഡേറ്റ് ചെയ്ത പോസ്റ്റ് ഇട്ടു. ശുക്ലാജിയെ കണ്ടുവെന്നും അദ്ദേഹത്തിന്റെ ഓട്ടോക്കൂലി നല്‍കിയെന്നുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. പരസ്പരം പോരടിക്കുന്നവരുടെ ഹൃദയത്തില്‍ സ്പര്‍ശിക്കാന്‍ ഈ പോസ്റ്റിന് സാധിക്കും.