പത്തനംതിട്ട: കക്കാട്ടാറ് മുറിച്ചു കടന്ന് ചിറ്റാറിലെ ജനവാസമേഖലയില്‍ സ്ഥിരമായെത്തുന്ന ചുള്ളന് കൊമ്പന് കഴിഞ്ഞ രാത്രിയും പതിവു തെറ്റിച്ചില്ല.
തന്റെ പതിവു സഞ്ചാരപഥം വനപാലകര്‍ അടച്ചപ്പോള്‍ വൈകുന്നേരം മറുകരയിലേക്കുള്ള യാത്രയ്ക്ക് അല്പം തടസം നേരിട്ടു.
ഇതോടെ വൈകുന്നേരത്തെ സമയം തെറ്റി. എന്നിരുന്നാലും രാത്രിയോടെ അള്ളുങ്കല്‍ ഭാഗത്ത് ആന എത്തി.
പുതിയ പാതയിലൂടെ അകത്തു കടന്ന ആന നേരം പുലര്‍ന്നപ്പോള്‍ സ്ഥിരമായി മടങ്ങുന്ന സ്ഥലത്തുകൂടി വനപാലകര്‍ നോക്കിനില്‍ക്കേ മറുകരയിലേക്കു നീന്തി.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഈ പ്രദേശത്തു സ്ഥിരമായെത്തുന്ന കാട്ടാന നാട്ടുകാര്‍ക്ക് രസകരമായ കാഴ്ചയായി മാറിയിരിക്കുകയാണ്.
ചുള്ളിക്കൊമ്പന്റെ വരവ് പതിവായതോടെ സന്ദര്‍ശകരും ഏറി. ആളുകള്‍ക്കോ വീടുകള്‍ക്കോ യാതൊരു ശല്യവുമുണ്ടാക്കാത്ത ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വിദൂരങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്.
അതേസമയം, കുമരംകുന്നിലും പരിസരങ്ങളിലും കനത്ത കൃഷി നാശമാണുണ്ടാക്കിയിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്നു രണ്ട് കിലോമീറ്ററില്‍ അധികം സഞ്ചരിച്ച് ജനവാസ കേന്ദ്രമാണ് ആനയുടെ താവളം.
ആന കൃഷിയിടങ്ങളിലാണ് ശല്യമുണ്ടാക്കുന്നതെങ്കിലും പ്രദേശവാസികൾ ഏറെ ഭീതിയിലാണ്. ചിറ്റാര്‍ – സീതത്തോട് റോഡിനു സമീപംവരെ ആന എത്തിയിരുന്നു.
ഫോറസ്റ്റ് ഓഫീസര്‍ കെ.വി. രതീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഷിബു കെ. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാന്പ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.