അമ്പലപ്പുഴ: സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന ഐഎംഎയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കി സർക്കാർ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയും നവജാത ശിശുവും മരിക്കാനിടയായ സംഭവത്തിൽ ആരോപിതയായ ഡോ. തങ്കു കോശിയെ സംരക്ഷിച്ച ഐഎംഎയുടെ സമ്മർദത്തിനു മുന്നിൽ മുട്ടുമടക്കിയ സർക്കാർ താത്കാലിക നടപടി സ്വീകരിച്ചു തടിയൂരി.
ഡോക്ടറെ സസ്പെൻഡ് ചെയ്യുകയോ താത്കാലികമായി മാറ്റി നിർത്തുകയോ ചെയ്യണമെന്നതായിരുന്നു മരിച്ച അപർണയുടെ ബന്ധുക്കളുടെ ആവശ്യം. ഇതിനു സർക്കാർ തലത്തിലാണ് തീരുമാനം കൈക്കൊള്ളേണ്ടത്.
നടപടിക്കു മുന്പേ
മരണം നടന്ന ദിവസം രാവിലെ മുതലുള്ള സംഘർഷം ആശുപത്രി അധികൃതരും പോലീസും മുഖേനെ സർക്കാർ അറിയുകയും ചെയ്തിരുന്നു.
സംഘർഷത്തിന് അയവ് വരാതെ വന്നതോടെയാണ് സർക്കാർ തീരുമാനം അറിയിക്കാനായി ജില്ലാ കളക്ടർ എത്തിയത്. കുറ്റാരോപിതയായ ഡോക്ടർ രണ്ടാഴ്ചത്തേക്കു നിർബന്ധിത അവധിയിൽ പോകാനായിരുന്നു സർക്കാർ നിർദേശം.
എന്നാൽ, കളക്ടർ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതിനു മുൻപ് തന്നെ പ്രാദേശിക സിപിഎം നേതാക്കൾ ഈ വിവരം പറഞ്ഞിരുന്നു.
ഡോക്ടർക്കെതിരേ നടപടി സ്വീകരിച്ചാൽ വ്യാഴാഴ്ച മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന ഐഎംഎയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കിയ സർക്കാർ ഡോക്ടറോട് അവധിയിൽ പോകാൻ സർക്കാർ നിർദേശിക്കുകയായിരുന്നു.
വിവാദങ്ങൾ വിടാതെ
അവശ്യമേഖലയായ ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ പണിമുടക്ക് കോടതി നിരോധിച്ചിരിക്കുകയാണ്. പണിമുടക്കിയാൽ എസ്മ പ്രയോഗിച്ച് ഇതിനെ നേരിടേണ്ടതിനു പകരം സമരഭീഷണിക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു സർക്കാരും ആരോഗ്യവകുപ്പുമെന്നാണ് ആരോപണം.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിക്കടിയുണ്ടാകുന്ന ചികിത്സാപ്പിഴവ് അടക്കമുള്ള ഗുരുതര പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാരോ മറ്റു സംഘടനകളോ ശ്രമിക്കുന്നില്ല.
ചികിത്സാപ്പിഴവ് മൂലം അമ്മയും കുഞ്ഞും മരിച്ചിട്ടും ഇതിന്റെ കാരണം അന്വേഷിക്കാനോ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കാനോ ശ്രമിക്കാത്ത നിലപാടാണ് കുറ്റാരോപിതരെ പിന്തുണച്ചവർ സ്വീകരിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇക്കാര്യത്തിൽ സർക്കാർ നിലപാടിനെതിരേയും ജനരോഷമുണ്ട്.