കൊച്ചി: ട്വിന്റി 20 നേതാക്കൾക്കെതിരായ ജാതി അധിക്ഷേപ കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.
കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിന്റെ പരാതിയിൽ ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തൻകുരിശ് പോലീസ് കേസെടുത്തിരുന്നു. ശ്രീനിജിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.
പട്ടികജാതി പീഢന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ എംഎൽഎ ഉദ്ഘാടകനായി എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റും ട്വിന്റി 20 അംഗങ്ങളായ ജനപ്രതിനിധികളും വേദിവിട്ടിറങ്ങിയ സംഭവം ജാതീയമായ അപമാനിക്കലാണെന്നു കാണിച്ചാണ് ശ്രീനിജിൻ എംഎൽഎ പരാതി നൽകിയത്.