അമ്പലപ്പുഴ: സിന്ധു ടീച്ചറിന്റെ അമ്മ മനസിന് നന്ദി. ശിശുക്ഷേമകേന്ദ്രത്തിൽ മാറ്റിപ്പാർപ്പിക്കാൻ ചൈൽഡ് ലൈൻ ഉത്തരവിട്ട തന്റെ വിദ്യാർഥിനിക്ക് താത്കാലിക ഇടമൊരുക്കി തന്നോടൊപ്പം വീട്ടിൽ പാർപ്പിച്ച ഈ അധ്യാപിക അധ്യാപക സമൂഹത്തിനാകെ മാതൃകയാവുകയാണ്.
പുന്നപ്ര ഗവ. സിവൈഎംഎ യുപി സ്കൂളിലെ സീനിയർ അധ്യാപികയായ സിന്ധുടീച്ചറാണ് ഏഴാം ക്ലാസിലെ തന്റെ വിദ്യാർഥിനിയെ നെഞ്ചോടു ചേർത്തുപിടിച്ച് സ്നേഹക്കൂടൊരുക്കിയത്.
കുടുംബകലഹം മൂലം പിതാവ് മാറിത്താമസിക്കുന്ന ഈ പിഞ്ചു മനസിന് ചേർത്തലയ്ക്കു സമീപം താമസിക്കുന്ന പിതാവിനൊപ്പം കഴിയണമെന്നായിരുന്നു ആഗ്രഹം.
കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പിതാവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം പോകണമെന്ന കുട്ടിയുടെ ആഗ്രഹത്തിന് മാതാവ് എതിർപ്പറിയിച്ചു.
ഇതോടെ ചൈൽഡ് ലൈൻ അധികൃതർ സ്കൂളിലെത്തി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു.
വയനാട്ടിൽ ജോലിക്കു പോയ പിതാവ് മടങ്ങിവരുന്ന ഒരാഴ്ചക്കാലം മായിത്തറയിലെ ശിശു കേന്ദ്രത്തിൽ പാർപ്പിക്കാനായിരുന്നു നിർദേശം.
എന്നാൽ തന്റെ വിദ്യാർഥിനിയുടെ കുഞ്ഞു മനസിന്റെ നൊമ്പരം തിരിച്ചറിഞ്ഞ സിന്ധു ടീച്ചർ ഒരാഴ്ചക്കാലം കുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാമെന്ന് അറിയിച്ചു.
ചൈൽഡ് ലൈൻ ഇതിന് അനുവാദം നൽകിയതോടെ കുട്ടിയെ സിന്ധുടീച്ചർ തന്റെ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് തിരികെയെത്തിയപ്പോൾ വീണ്ടും മായിത്തറയിൽ കുട്ടിയുമായെത്തി. പിതാവിനൊപ്പം താമസിക്കണമെന്ന ആഗ്രഹത്തെത്തുടർന്ന് കുട്ടിയെ അദ്ദേഹത്തോടൊപ്പം പറഞ്ഞയച്ചു.
നിസാര കുടുംബ വഴക്കുകളുടെ പേരിൽ കുട്ടികളുടെ വിലയേറിയ ഭാവി തകർക്കരുതെന്നാണ് ഈ പ്രിയപ്പെട്ട അധ്യാപിക പറയുന്നത്.
കുരുന്നു മനസുകളുടെ വേദന മനസിലാക്കാൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും സിന്ധു ടീച്ചർ പറഞ്ഞു.