ഗാന്ധിനഗർ: അമ്മ കൊല്ലപ്പെട്ടു, അമ്മയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയപ്പോൾ സഹോദരൻ അപകടത്തിൽപ്പെട്ടു, എല്ലാത്തിനും തുണയായി കൂടെയുണ്ടായിരുന്ന ഭർത്താവ് ജീവനൊടുക്കി.
അഞ്ചുവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ടു എങ്ങോട്ടു പോകണമെന്നറിയാതെ യുവതി വിഷമഗർത്തത്തിൽ.
ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്ലിയുടെ മകൾ മഞ്ജുവാണ് എങ്ങോട്ട് പോകണമെന്നറിയാതെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു സമീപത്ത് അഞ്ചു വയസ് പ്രായമുള്ള കുഞ്ഞുമായി കരയുന്നത്.
റോസ്ലിയുടെ മൃതദേഹം കഴിഞ്ഞ അഞ്ചിനു മഞ്ജുവും ഭർത്താവ് ബിജുവും ചേർന്നു ബിജുവിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അങ്കമാലി കറുകുറ്റി അട്ടാറ പൊതുശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.
ഇതിനിടയിൽ റോസ്ലിയുടെ മകൻ സഞ്ജു ഒരപകടത്തിൽപെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വിവരം അറിഞ്ഞ് ബുധനാഴ്ച രാത്രി ബിജുവും മഞ്ജുവും ആശുപത്രിയിലെത്തി.
വ്യാഴാഴ്ച പുലർച്ചെ ബിജു വാടകയ്ക്ക് താമസിക്കുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലേക്ക് മടങ്ങി. കോട്ടയം മെഡിക്കൽ കോളജിലുണ്ടായിരുന്ന മഞ്ജു പിന്നീട് ഭർത്താവിന്റെ ആത്മഹത്യയാണ് അറിയുന്നത്.
ഉടൻതന്നെ മഞ്ജു തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ പോയി മൃതദേഹം കാണുകയും ചെയ്തു. ഭർത്താവും നഷ്ടപ്പെട്ടതോടെ വാടകവീട്ടിലേക്കും പോകാൻ സാധിക്കാത്ത അവസ്ഥ.
അവിടെ താമസിപ്പിക്കില്ലെന്നു വീട്ടുടമ പറഞ്ഞുകഴിഞ്ഞു. വീണ്ടും സഹോദരൻ ചികിത്സയിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളജിലെത്തി.
അപ്പോൾ സഞ്ജുവിനെ ഡിസ്ചാർജ് ചെയ്തിരുന്നു. റോസ് ലി താമസിച്ച വാടകവീടും ഒഴിയേണ്ടതുണ്ട്.
ഇനി എന്തുചെയ്യുമെന്നും എങ്ങോട്ട് പോകുമെന്നും ഓർത്ത് കരയുന്ന ഈ യുവതിയെ സഹായിക്കാൻ നവജീവൻ തോമസും അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനും തയാറായതു വലിയൊരു ആശ്വാസമായിട്ടാണ് ഇതിനുപിന്നിൽ പ്രവർത്തിച്ച സന്നദ്ധപ്രവർത്തകർ കാണുന്നത്.