നേമം: മന്ത്രവാദത്തിന്റെയും പൂജയുടെയും മറവിൽ അൻപത്തിയഞ്ചു പവന്റെ സ്വർണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി.
നേമം വെള്ളായണി ശിവോദയം റോഡിൽ തൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ മകൾ വിനിതുവിന്റെ വീട്ടിലെത്തി പൂജ നടത്തിയ കളിയിക്കാവിള കോഴിവിള തെറ്റിയോട് സ്വദേശികളായ വിശ്വംഭരനും മകൾ വിദ്യയും അടങ്ങുന്ന കുടുംബമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
വിനിതുവിന്റെ പരാതി അനുസരിച്ച് തട്ടിപ്പ് നടത്തിയെന്നു പറയുന്നവരിൽ നിന്നും രണ്ടു തവണകളായി പകുതിയിലധികം സ്വർണം തിരികെ വാങ്ങിയിട്ടുണ്ടെന്നും മറ്റ് നടപടികളൊന്നും വേണ്ടായെന്നും സ്വർണം വാങ്ങി നൽകിയാൽ മതിയെന്നും പരാതിക്കാർ ആവശ്യപ്പെട്ടതായി നേമം പോലീസ് പറഞ്ഞു.
വിനിതുവിന്റെ കുടുംബത്തിൽ അടിക്കടിയുണ്ടായ ദുർമരണങ്ങൾക്ക് പരിഹാരം കാണാനായാണ് തട്ടിപ്പിനിരയായവർ വിളിച്ചതു പ്രകാരം ഒന്നര വർഷം മുമ്പാണ് തെറ്റിയോട്ടു നിന്നും പൂജകൾക്കായി വിശ്വംഭരനും വിദ്യയും അടങ്ങുന്ന സംഘമെത്തിയത്.
കുടുംബത്തിന് നേട്ടം ഉണ്ടാകുമെന്നും സ്വർണം തടി അലമാരയിൽ പൂട്ടിവച്ച് പൂജിക്കണമെന്ന് പൂജ നടത്താനെത്തിയവർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിനിതു തന്റെയും മക്കളുടെയും സ്വർണാഭരണങ്ങൾ അലമാരയിൽ വയ്ക്കാൻ നൽകുകയായിരുന്നു.
പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ പൂജ നടന്നിരുന്നു. ഇതിനിടയിൽ വീട്ടുകാരറിയാതെ പൂജയ്ക്കെത്തിയവർ സ്വർണവും പണവുമായി മുങ്ങുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.