ദോഹ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുടെ ടീമുകളില്‍ ഒന്നായ അര്‍ജന്റീന, വമ്പന്‍ മത്സരങ്ങളില്‍ പകരക്കാരില്ലാത്ത ഫ്രാന്‍സ്, ബ്രസീലിനെ കരയിപ്പിച്ച നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, കിരീട പ്രതീക്ഷയുമായി ഖത്തറിലേക്ക് വണ്ടികയറിയ ടീമുകളെ ചവിട്ടി പുറത്താക്കിയ കറുത്തകുതിരകളായ മൊറാക്കോ.
നാലിലാര്… ആരും പ്രതീക്ഷിക്കാത്ത സെമിഫൈനല്‍ ലൈനപ്പ്. ഇതില്‍ അര്‍ജന്റീനയും ഫ്രാന്‍സും സെമിയില്‍ എത്തിയതില്‍ അദ്ഭുതപ്പെടാനില്ല.
പഴയ കരുത്തുണ്ടായിരുന്നില്ലെങ്കിലും മനോധൈര്യവും പ്രതിരോധ നിരയുടെ മികവും കൊണ്ട് ജയിച്ചുകയറിയ ക്രൊയേഷ്യയും മൊറോക്കോയുമാണ് ഈ ലോകകപ്പിനെ ശരിക്കും ലോകോത്തരമാക്കിയത്.
മൊറോക്കോ വമ്പ് തുടര്‍ന്നാല്‍ 72 വര്‍ഷത്തിനു ശേഷം ആദ്യമായി യൂറോപ്പില്‍ നിന്നൊരു ടീം ഇല്ലാത്ത ലോകകപ്പ് ഫൈനല്‍ നടക്കും. അത് ചരിത്രതാളുകളില്‍ ഇടം തേടുകയും ചെയ്യും.
1950-ലാണ് അങ്ങനൊരു ഫൈനല്‍ അരങ്ങേറിയത്. അന്ന് ലാറ്റിന്‍ അമേരിക്കന്‍ ടീമുകളായ യുറുഗ്വേയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടി. ജയം യുറുഗ്വേയ്ക്കാപ്പംനിന്നു.
ലാറ്റിന്‍ അമേരിക്കയുടെ പ്രതിനിധിയായി അര്‍ജന്റീന മാത്രമാണുള്ളത്. ഒരു വശത്ത് അവര്‍ വരുമ്പോള്‍ മറുവശത്ത് അണിനിരക്കുന്ന ടീമാകും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രം.
ലോകകപ്പിനെ സെമിയില്‍ കടക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന റിക്കാർഡ് സ്വന്തമാക്കിയ മൊറോക്കോയ്ക്ക് ഫെനല്‍ പ്രവേശനം തന്നെ എക്കാലത്തെയും നേട്ടമാകും.
തനിയാവര്ത്തനംവരുമോ…
അര്‍ജന്റീനയെ ക്രൊയേഷ്യ കീഴടക്കുകയും ഫ്രാന്‍സ് മൊറോക്കേയെ പൂട്ടുകയും ചെയ്താല്‍ 2018-ന്റെ തനിയാവര്‍ത്തനമായി മാറും ഖത്തര്‍ ഫൈനലും. കണക്ക് തീര്‍ക്കാന്‍ ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും കിട്ടുന്ന ഏറ്റവും നല്ല അവസരം.
മറിച്ച് ഫ്രാന്‍സ് 2018 ആവര്‍ത്തിച്ചാല്‍ അതുമൊരു ചരിത്രമാകും. കീരിടം നിലനിര്‍ത്തുന്നതിനൊപ്പം യുറോപ്പിലെ വമ്പന്മാര് എന്ന പട്ടം അവര്‍ക്ക് നിലനിര്‍ത്തുകയും ചെയ്യാം.
സൂപ്പര്‍താരം എംബാപ്പെയ്ക്കും അത് ചരിത്രനേട്ടമാകും. ഒരിക്കല്‍ മാത്രമാണ് ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം അരങ്ങേറിയത്. 1990-ലായിരുന്നു അത്.
1986 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയത് അര്‍ജന്റീനയും ജര്‍മനിയുമായിരുന്നു 1990 ഫൈനലിലും എതിരാളികള്‍. 1986ല്‍ ജയം അര്‍ജന്റീനയ്ക്കൊപ്പം നിന്നപ്പോള്‍ 1990-ല്‍ ജര്‍മനി പകരം വീട്ടി.
പുതിയ അവകാശികള്വരുമോ…
ഇപ്പോള്‍ സെമിഫൈനലിലുള്ള അര്‍ജന്റീനയും ഫ്രാന്‍സും ലോകകപ്പ് കീരീടനേട്ടത്തിന്റെ മാധുര്യം അറിഞ്ഞവരാണ്. ക്രൊയേഷ്യയ്ക്ക് കപ്പിനും ചുണ്ടിനും ഇടയില്‍ കഴിഞ്ഞ തവണ കിരീടം നഷ്ടമായി.
മൊറോക്കോ ആകട്ടെ ആദ്യമായാണ് ഇതുവരെ എത്തുന്നത്. ഇവര്‍ രണ്ടുപേരും ഫൈനലില്‍ എത്തിയാല്‍ കീരീടത്തിന് പുതിയ അവകാശികളാകും.
ആഫ്രിക്കയിലേക്ക് കപ്പ് പോയാല്‍ പിന്നെ അതിനെ ചരിത്രം എന്നല്ലാതെ എന്താപറയുക. വന്‍ ശക്തികളായ അര്‍ജന്റീനയേയും ഫ്രാന്‍സിനെയും മറികടന്നാണ് ഇരുകൂട്ടരും എത്തുന്നതെന്നതും ആരാധകര്‍ക്ക് ആവേശമാകും. ഫിഫ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇല്ലാത്തവര്‍ കളിക്കുന്ന ഫൈനല്‍ എന്ന ബഹുമതിയും ലഭിക്കും.