കോഴിക്കോട്: താമരശേരിയില്‍ പാര്‍ട്ടിയുടെ പേരില്‍ ഗുണ്ടാസംഘങ്ങള്‍ പണം പിരിക്കുന്നെന്ന് സിപിഎം. താമരശേരിയില്‍ പൊതുയോഗം വിളിച്ചാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആരോപണം ഉന്നയിച്ചത്.
സിപിഎമ്മിന്റെ മേല്‍വിലാസം ഉപയോഗിച്ച്, പുതിയ സംരംഭം തുടങ്ങുന്നവരില്‍നിന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നെന്നാണ് ആക്ഷേപം.
ഭൂമി വാങ്ങുന്നവരോടും വില്ക്കുന്നവരോടും 20 ലക്ഷം ചോദിക്കുന്നു. കെട്ടിടനിര്മാതാക്കളോട് പത്ത് ലക്ഷം വീതവും പെട്രോള്‍ പമ്പ് ഉടമകളോട് അഞ്ച് ലക്ഷം വീതവും വാങ്ങുന്നെന്നാണ് പരാതി.
ആളുകള്‍ പണം നല്കാന് വിസമ്മതിച്ചാല്‍ പാർട്ടിക്കാർ ഇവിടെ വരുമെന്ന് പറഞ്ഞ് ഉടമകളെ ഭീഷണിപ്പെടുത്തും. കൈവെട്ടുമെന്നും കാലുവെട്ടുമെന്നുമുള്ള ഭീഷണിയും മുഴക്കും.
ഇത്തരത്തില്‍ പലരും പരാതി നല്‍കിയപ്പോഴാണ് വിഷയം ശ്രദ്ധയില്‍പെട്ടതെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിയിച്ചു. ക്വട്ടേഷന്‍ സംഘങ്ങളില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.
നിലവില്‍ പോലീസില്‍ പരാതി നല്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.