കോട്ടയം: മന്ത്രി വി.എൻ. വാസവന്റെ “ഇന്ദ്രൻസ്ട’ ഉപമയെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
ഗുജറാത്തിൽ 27 ശതമാനം വോട്ട് നേടിയ കോൺഗ്രസിനെ ഇന്ദ്രൻസിനോട് താരതമ്യപ്പെടുത്തിയ വാസവൻ നോട്ടയേക്കാള്‍ കുറവ് വോട്ട് നേടിയ സിപിഎമ്മിനെ എന്തിനോട് ഉപമിക്കും എന്ന് തിരുവഞ്ചൂർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
വാസവന്റെ പ്രസ്താവന തൃശൂർ പൂരത്തിന് പോയ അന്ധൻ ഗുരുവായൂർ കേശവന്റെ വലുപ്പം അളന്നത് പോലെ ആയിപ്പോയെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം, നിയമസഭയിൽ സഹകരണ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുന്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
അമിതാഭ് ബച്ചന്റെ ഉയരമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലായെന്ന വാസവന്റെ പരാമർശം വിവാദമായിരുന്നു.
കോണ്‍ഗ്രസിന്റെ തകർച്ചയേക്കുറിച്ചു പറഞ്ഞുവന്നപ്പോഴായിരുന്നു മന്ത്രി ഈ ഉപമ നടത്തിയത്. വാസവന്റെ പരാമർശം ബോഡി ഷെയിമിംഗ് ആണെന്നും പിൻവലിച്ചു മാപ്പു പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. പിന്നീട് മന്ത്രി പരാമർശം പിൻവലിച്ചു.