പയ്യന്നൂര്‍: ഏഴിലോട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഗ്യാസ് ചോര്‍ച്ചയില്ലാത്തതിനാല്‍ അപകട ഭീഷണിയില്ല. സുരക്ഷാക്രമീകരണങ്ങളോടെ ഗ്യാസ് മാറ്റിനിറയ്ക്കുന്നു.
ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. ഇന്നലെ രാത്രി എട്ടേകാലോടെ ഏഴിലോട് കോളനി സ്റ്റോപ്പിന് സമീപമാണ് അപകടം.
മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കറാണ് നിര്‍മാണം നടക്കുന്ന റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്.
വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരിയാരം പോലീസും കണ്ട്രോള് റൂം പോലീസും സ്റ്റേഷന് ഓഫീസര്‍ ടി.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
ഗ്യാസ് ചോരുന്നില്ല എന്ന് പരിശോധനയില്‍ ഉറപ്പുവരുത്തിയതോടെയാണ് ഭീതിയില്‍ കഴിഞ്ഞിരുന്ന നാട്ടുകാര്‍ക്ക് ആശ്വാസമായത്.
അതേസമയം വാഹനത്തിന്റെ ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായിരുന്നത് കണ്ടെത്തി. അഗ്നിരക്ഷാസേന ചോര്‍ച്ചയടച്ച ശേഷമാണ് മറ്റു നടപടികളിലേക്ക് കടന്നത്.
സമ്മര്‍ദ്ദ രീതിയില്‍ കയറ്റുന്ന ഗ്യാസായതിനാല് മൂന്നു ടാങ്കുകളെങ്കിലും മാറ്റി നിറയ്ക്കാന്‍ വേണ്ടിവരുമെന്ന് അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ സന്തോഷ്കുമാര്‍ പറഞ്ഞു.
ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ വൈകുന്നേരം മൂന്നരയെങ്കിലും ആകുമെന്നും അദ്ദേഹം പറഞ്ഞു. മറിഞ്ഞ ടാങ്കറില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളാണെങ്കില്‍ മദ്യലഹരിയിലും.
ഡ്രൈവർ തമിഴ്നാട് അണ്ണപ്പാല് നഗര്‍ എരുമപ്പെട്ടിയിലെ എസ്.മണിവേല്‍ (40) നെ പരിയാരം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മദ്യപിച്ച് ആളപായവും ഗുരുതരമായ അപകടവും വരുത്തിവെക്കുന്ന രീതിയില്‍ ടാങ്കറോടിച്ചതിനാണ് ഇയാളെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.