തൃപ്പൂണിത്തുറ: സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി യുവാക്കളുമായി ചാറ്റിംഗ് നടത്തിവന്ന യുവാവിന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി യുവതികളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും വാട്സ് ആപ്പ് സന്ദേശങ്ങളും.
ചോറ്റാനിക്കര സ്വദേശിനിയായ യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് യുവതിയെന്ന വ്യാജേന അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ പിടിയിലായ ചോറ്റാനിക്കര മഞ്ചക്കാട് ഭാഗത്ത് പുല്ലേതുണ്ടി വീട്ടിൽ സരൂപിന്റെ (24) ഫോണിൽനിന്നാണ് അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തത്.
സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കുന്നതിനുളള നിരവധി ആപ്പുകളും ഇയാളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.തന്റെ പരിചയത്തിലുളള സ്ത്രീകളുടെ ഫോണ് നന്പറുകൾ തന്ത്രപരമായി കൈക്കലാക്കിയായിരുന്നു ഇയാൾ വിക്രിയകൾ നടത്തിയിരുന്നത്.
എംഎസ്സി സൈക്കോളജിയക്ക് പഠിക്കുന്ന സരൂപ്, തന്റെ പോലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയതോടെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ലൈവിൽ വന്ന് മാപ്പു പറഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.
എന്നാൽ യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാളുടെ ഫോണ് പരിശോധനയ്ക്കായി ഫോറൻസിക്ക് ലാബിലേയ്ക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു.