സംവിധായകൻ ജൂഡ് ആന്റണിയെ ബോഡി ഷെയിമിംഗ് നടത്തി എന്ന ഒരു വിഭാഗത്തിന്റെ ആരോപണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി.
ജൂഡ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 2018ന്റെ ട്രെയിലർ ലോഞ്ചിൽ ‘ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണെ’ന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
ഇത് ബോഡി ഷെയ്മിംഗാണെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശത്തിനാണ് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചത്.
പ്രിയരെ കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി. അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ വാക്കുകൾ വളച്ചൊടിക്കരുതെന്നും അദ്ദേഹം ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളാണതെന്നുമായിരുന്നു വിഷയത്തില്‍ ജൂഡ് ആന്റണി പ്രതികരിച്ചത്.
<i>മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്… എനിക്ക് മുടി ഇല്ലാത്തതിൽ എനിക്കോ എന്റെ കുടുംബത്തിനോ വിഷമമില്ല.
ഇനി അത്രയ്ക്ക് പ്രയാസം ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബെംഗളൂരു കോര്പറേഷൻ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ എന്നിവര്‍ക്കെതിരെ ശബ്ദമുയർത്തുവിൻ.
ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. ജൂഡ് ആന്റണി പറഞ്ഞു.