കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെകൂട്ടിരിപ്പുകാർ കൊണ്ടുവരുന്ന കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന സംഭവങ്ങളാണു പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം സ്ത്രീകൾക്കുള്ള പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ ഒന്നര വയസുള്ള പേരക്കുട്ടിയെ 50 വയസ് പ്രായം തോന്നിരിക്കുന്ന ഒരാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി.
വാർഡിന്റെ സമീപത്തുള്ള ലിഫ്റ്റിൽ കയറാൻ കുട്ടിയുമായി എത്തിയെങ്കിലും ലിഫ്റ്റ് തകരാർ ആയതിനാൽ പോകാൻ കഴിയാതെവന്നു. ഈ സമയം കുട്ടിയുടെ അമ്മ വരികയും കുട്ടിയെ അയാളിൽനിന്ന് വാങ്ങുകയുമായിരുന്നു.
എന്നാൽ, വിവരം ആശുപത്രി അധികൃതരെയോ, പോലീസിനെയോ അറിയിച്ചില്ല. ഒരു വർഷം മുന്പ് ഗൈനക്കോളജി വിഭാഗത്തിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയെ ഉടൻ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിക്കാൻ കഴിഞ്ഞത്.
സമാനമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ മറ്റു ചില വാർഡുകളിലും നടന്നിരുന്നതായി ജീവനക്കാർ പറയുന്നു.
കുട്ടികളുമായി ആശുപത്രിയിലെത്തുന്നവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണു നിലവിലുള്ളത്.