വൈപ്പിൻ: മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ അയൽവാസികളായ പിതാവിനെയും മകനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എടവനക്കാട് ബീച്ചിൽ ചങ്കരാടി വീട്ടിൽ വേണു (63), മകൻ ജയരാജ് (39) എന്നിവരാണ് റിമാൻഡിലായത്. ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത ഇരുവരേയും കഴിഞ്ഞ രാത്രിയിലാണ് കോടതിയിൽ ഹാജരാക്കിയത്.
ഓട്ടോ ഡ്രൈവറായിരുന്ന എടവനക്കാട് ബീച്ചിൽ മുണ്ടേങ്ങാട് അശോകന്റെ മകൻ സനൽകുമാർ (34) ആണ് മരിച്ചത്. പ്രതികളുടെ വീടിന്റെ അതിർത്തിയിൽ കെട്ടുന്ന പ്ലാസ്റ്റിക് വേലി രാത്രികാലങ്ങളിൽ പതിവായി സനൽ കുമാർ പൊളിച്ചു കളയുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഞാറക്കൽ പോലീസ് പറഞ്ഞു.
പലയിടങ്ങളിലും ഇയാൾ ഇങ്ങനെ ചെയ്യാറുണ്ടത്രേ. വേലി പൊളിക്കൽ സംബന്ധിച്ച് ബുധനാഴ്ച രാത്രിയിലും തർക്കമുണ്ടായി. ഇതിനിടെ പ്രതികൾ സനൽകുമാറിനെ കന്പിപ്പാരയും മറ്റും ഉപയോഗിച്ച് കാലും, കയ്യും, കൈവിരലുകളുമൊക്കെ തല്ലിയൊടിക്കയും ദേഹത്ത് അടിക്കുകയും ചെയ്തു.
അബോധാവസ്ഥയിലായ ഇയാളെ പിന്നീട് വഴിയിൽ തള്ളി. ആന്തരാവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് സൂചന.
പോലീസാണ് സനലിനെ അർധരാത്രിയോടെ ആശുപത്രിയിലെത്തിച്ചത്. ഏറെ താമസിയാതെ മരിക്കുകയും ചെയ്തു. തുടർന്ന് ഞാറയ്ക്കൽ സിഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷത്തിൽ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
മർദനത്തിന് ഉപയോഗിച്ച കന്പിപ്പാരയും മറ്റും പോലീസ് പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ സംസ്കരിച്ചു.