ശ്രീജിത് കൃഷ്ണന്
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ ഇന്നലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ.സി.കെ.ശ്രീധരന് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം.
കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമെന്ന നിലയില്‍ പലവട്ടം ശ്രീധരന് തങ്ങളുടെ വീട്ടില്‍ വന്നിരുന്നതായും ആ സമയങ്ങളിലെല്ലാം കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്ത് പരിശോധിച്ചിരുന്നതായും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന് രാഷ്ട്രദീപികയോട് പറഞ്ഞു.
ഏതാനും രേഖകള്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ ശേഷം അദ്ദേഹം പ്രതികള്‍ക്കുവേണ്ടി ഹാജരായത് തങ്ങളെ ഞെട്ടിച്ചതായി സത്യനാരായണന് പറഞ്ഞു.
കേസ് അട്ടിമറിക്കുന്നതിനായി ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയോടെ നടന്ന ഗൂഢാലോചനയില്‍ ശ്രീധരനും പങ്കാളിയായതായാണ് സംശയിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സത്യനാരായണന് അറിയിച്ചു.
നേരത്തേ സിപിഎം നേതാക്കളുമായി കച്ചവടം ഉറപ്പിച്ച ശേഷമാണ് ശ്രീധരന് സഹായിക്കാനെന്ന വ്യാജേന തങ്ങളുടെ വീടുകളിലെത്തി രേഖകള്‍ കൈക്കലാക്കിയതെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രീധരന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ടി.പി. ചന്ദ്രശേഖരന് വധക്കേസിലും അദ്ദേഹം പ്രതിഭാഗവുമായി ഒത്തുകളിച്ചിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരും രംഗത്തെത്തിയിരുന്നു.
മുന്‍ കെപിസിസി വൈസ് പ്രസിഡന്റായ സി.കെ.ശ്രീധരന് കഴിഞ്ഞ മാസമാണ് പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ഇന്നലെ എറണാകുളം സിബിഐ കോടതി പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിച്ചപ്പോഴാണ് നാടകീയമായി സി.കെ.ശ്രീധരന് പ്രതികള്‍ക്കുവേണ്ടി ഹാജരായത്.
കേസിലെ ഒന്നാംപ്രതി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്, മുന്‍ ഉദുമ ഏരിയ സെക്രട്ടറിയും നിലവില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്, പാക്കം ലോക്കല്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവന് വെളുത്തോളി എന്നിവരുള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കുവേണ്ടിയാണ് ശ്രീധരന് ഹാജരായത്.
ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് എട്ടുവരെയാണ് കേസിന്റെ വിചാരണ നടക്കുക.ചീമേനി കൂട്ടക്കൊലയും കണ്ണൂരിലെ നാല്പാടി വാസു വധവുമുള്പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി കേസുകളില്‍ നേരത്തേ സി.കെ.ശ്രീധരന് പ്രതിഭാഗത്തിനുവേണ്ടി ഹാജരാവുകയും പഴുതടച്ച വാദത്തിലൂടെ പ്രതികളെ കുറ്റവിമുക്തരാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തിരുന്നു.
2019 ഫെബ്രുവരി 17 നാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം നേതാക്കളുള്‍പ്പെടെ 24 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ പ്രധാനനേതാക്കളുള്പ്പെടെ എട്ടുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതിയുള്‍പ്പെടെ 16 പേര് ജയിലിലാണ്.