കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർ പിടിയിലായ കേസ് അന്വേഷിക്കുന്നതിന് പോലീസിന്റെ പ്രത്യേക സംഘത്തെ റൂറൽ എസ്പി നിയോഗിച്ചു.
കാട്ടാക്കട ഡിവൈഎസ്പി ശബരിമല ഡ്യൂട്ടിയിലായതിനാൽ നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറാണ് നേതൃത്വം നൽകുന്നത്.
അതേസമയം, മലയിൻകീഴ് ഇൻസ്പെക്ടർ കെ.ജി.പ്രതാപ ചന്ദ്രന് പകരം വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ് കുമാറിനെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയേക്കും.
പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 6 പ്രതികളെ പോക്സോ കോടതി 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഡിവൈഎഫ്ഐ നേതാവായ വിളവൂർക്കൽ മലയം ജിനേഷ് ഭവനിൽ ജിനേഷ് ജയൻ (29), മലയം ചിത്തിര വീട്ടിൽ അരുൺ (മണികണ്ഠൻ27)പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ വിഷ്ണു (20), പെരുകാവ് തൈവിള മുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20), വിളവൂർക്കൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ അനന്തു (18), വിളവൂർക്കൽ വിഴവൂർ വഴുതോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത് (20) എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ 8 പേരെയാണ് കേസിൽ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും റിമാൻഡിൽ കഴിയുന്ന തൃശൂർ സ്വദേശിയായ സുമേജിനെയും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.
കേസുകളിലെ തുടർ നടപടികൾക്കായാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ 6 പ്രതികളും പെൺകുട്ടിയുടെ വീട്ടിൽ ഒട്ടേറെ തവണ എത്തി ശാരീരികമായി ഉപയോഗിച്ചെന്ന് പൊലീസ് പറഞ്ഞു.
പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ള പ്രതികളുടെ സാന്നിധ്യത്തിൽ മൊബൈൽ ഫോണുകൾ പരിശോധിക്കും. തുടർന്ന് വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട തൃശൂർ സ്വദേശിയായ സുമേജുമായി കഴിഞ്ഞ 2ന് നാട് വിടാനൊരുങ്ങവേ റെയിൽവേ സ്റ്റേഷനിൽ വച്ച് പെൺകുട്ടിയെ പോലീസ് പിടികൂടുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു പീഡന വിവരങ്ങൾ പുറത്തറിയുന്നത്.