സ്ത്രീധനപീഡനം! നടി അഭിനയക്കും മാതാവിനും സഹോദരനും തടവ് ശിക്ഷ

ബംഗളൂരു: കർണാടക നടി അഭിനയക്കും മാതാവിനും സഹോദരനും സ്ത്രീധനപീഡന കേസിൽ തടവ് ശിക്ഷ.

ഇവരെ വെറുതെവിട്ടുകൊണ്ടുള്ള അതിവേഗ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അഭിനയ രണ്ടുവർഷം തടവ് അനുഭവിക്കണം.

ബംഗളൂരു ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനിൽ 2002ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിനയയുടെ സഹോദരൻ ശ്രീനിവാസ് 1998 മാർച്ചിൽ ലക്ഷ്മിദേവിയെ വിവാഹം ചെയ്തിരുന്നു.

ലക്ഷ്മിയുടെ കുടുംബമാണ് ശ്രീനിവാസയുടെ കുടുംബം സ്ത്രീധനപീഡനം നടത്തുകയാണെന്ന് പരാതി നൽകിയത്.

80,000 രൂപയും സ്വർണാഭരണങ്ങളുമാണ് ആവശ്യപ്പെട്ട പ്രകാരം സ്ത്രീധനമായി നൽകിയത്. എന്നാൽ, ഒരുലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ലക്ഷ്മിദേവിയെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി.

2010 ജനുവരി അഞ്ചിന് വിചാരണകോടതി അഭിനയ, ശ്രീനിവാസ്, രാമകൃഷ്ണ, മാതാവ് ജയമ്മ, അഭിനയയുടെ മൂത്തസഹോദരൻ ചെലുവരാജ് എന്നിവരെ കുറ്റക്കാരാണെന്നു കണ്ടെത്തുകയായിരുന്നു. എന്നാൽ, രണ്ടുവർഷത്തിന് ശേഷം പിന്നീട് അതിവേഗകോടതി കുറ്റവിമുക്തരാക്കി. 

ഇതിനെതിരെ സർക്കാർ നൽകിയ ഹരജിയിലാണ് നിലവിൽ ഹൈകോടതിയുടെ ഇടപെടൽ.

അഭിനയക്കും സഹോദരൻ ചെലുവരാജിനും രണ്ടുവർഷ തടവാണ് ജസ്റ്റിസ് എച്ച്.ബി. പ്രഭാകര ശാസ്ത്രി വിധിച്ചത്. നടിയുടെ മാതാവ് ജയമ്മക്ക് അഞ്ചുവർഷമാണ് തടവ്.

Related posts

Leave a Comment