തൊടുപുഴ: പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥമൂലം റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിനു പരിക്കേറ്റു. തെക്കുംഭാഗം കളപ്പുരയ്ക്കൽ ജോണിക്കാണ് പരിക്കേറ്റത്.
കാരിക്കോട് -കല്ലാനിക്കൽ റോഡിലാണ് സംഭവം. കാരിക്കോട് ഭാഗത്തു റോഡിൽ ടൈൽ പാകുന്നതിന്റെ ഭാഗമായി ഗതാഗതം തടയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി റോഡിനു കുറുകെ കെട്ടിയിരുന്നു.കാരിക്കോട് കോട്ടപ്പാലത്തിലും കുരിശുപള്ളിക്കലുമാണ് പ്ലാസ്റ്റിക് വള്ളി റോഡിൽ കെട്ടിയത്.
മരുന്നുവാങ്ങുന്നതിനായി ജോണി ഭാര്യക്കൊപ്പം ബൈക്കിൽ വരുന്നതിനിടെ റോഡിൽ കെട്ടിയിരുന്ന വള്ളി ശ്രദ്ധയിൽപ്പെടാതെ കഴുത്തിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വള്ളി കുടുങ്ങി ജോണിയുടെ കഴുത്തിനു മുറിവേറ്റു.
തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയോട് അപകടത്തെക്കുറിച്ചു നാട്ടുകാർ പറഞ്ഞപ്പോൾ, റോഡിൽ നോക്കി വാഹനം ഓടിക്കാത്തതാണ് അപകടത്തിന് കാരണമെന്നായിരുന്നു മറുപടി.
തൊടുപുഴയിൽ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും അവരുടെ സൗകര്യാർഥം റോഡ് പണി നടത്തുന്നത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.