എരുമേലി: ഇനി വിമാനമിറങ്ങാം. ഒപ്പം അതിവേഗ റോഡും റെയിൽ പാതയും അരികിലുണ്ടാകും. പുതിയ ദേശീയപാത വരുന്നത് എരുമേലിയിൽ നിർദിഷ്ട വിമാനത്താവളത്തിന് അടുത്ത്.
ഒപ്പം എരുമേലി വഴി ശബരി റെയിൽപാതയ്ക്കു നടപടികളും ആയതോടെ നാട്ടിൽ വരാൻ പോകുന്നത് അതിവേഗ വികസനത്തിന്റെ വൻ പദ്ധതികൾ.
തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി ദേശീയ പാതയ്ക്കാണ് എരുമേലിയിൽ വിമാനത്താവളത്തിനു പടിഞ്ഞാറു ഭാഗത്തുകൂടി പുതിയ അലൈൻമെന്റ് തയാറാക്കാൻ ഉത്തരവായിരിക്കുന്നത്.
നിലവിൽ വിമാനത്താവളത്തിനു മധ്യഭാഗത്തുകൂടിയാണ് അലൈൻമെന്റ് എന്നു ബോധ്യപ്പെട്ടതോടെയാണ് പടിഞ്ഞാറുഭാഗത്തു ചേനപ്പാടി വഴി പുതിയ അലൈൻമെന്റ് തയാറാക്കാൻ ധാരണയായിരിക്കുന്നത്.
240 കിലോമീറ്റർ നീളം,45 മീറ്റർ വീതി
പുതിയ ദേശീയ പാതയ്ക്കു മൊത്തം 240 കിലോമീറ്റർ നീളവും 45 മീറ്ററുമാണ് വീതി. നാലുവരി പാത നിർമിച്ചു ആറു വരിയായി വികസിപ്പിക്കാനാണ് ലക്ഷ്യം. നെടുമങ്ങാട് – വിതുര- പുനലൂർ – പത്തനാപുരം- കോന്നി-റാന്നി – എരുമേലി – കാഞ്ഞിരപ്പള്ളി – തിടനാട് – അന്തിനാട് – തൊടുപുഴ – മലയാറ്റൂർ വഴിയാണ് പാത കടന്നുപോവുക. വിമാനത്താവളം ഉൾപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന രീതിയിലായിരുന്നു ആദ്യ അലൈൻമെന്റ്.
ഇതു മാറ്റി ചേനപ്പാടി വഴി ആക്കണമെന്ന് ഒരു വർഷം മുമ്പ് നാട്ടുകാർ നിവേദനം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞയിടെയാണ് വിമാനത്താവളത്തിന്റെ മധ്യഭാഗത്തുകൂടിയാണ് അലൈൻമെന്റ് പോകുന്നതെന്നു വ്യക്തമായത്. ഇതോടെ മാറ്റാൻ തീരുമാനമാവുകയായിരുന്നു.
നിലവിൽ വിമാനത്താവളത്തിന്റെ അന്തിമപദ്ധതി ഇതിനകം സിവിൽ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഗതിശക്തി ദേശീയ മാസ്റ്റർ പദ്ധതിയിലും സമർപ്പിച്ച സാഹചര്യത്തിലാണ്, ഗ്രീൻഫീൽഡ് ദേശീയ പാതയിൽ മാറ്റംവരുത്തുന്നത്.
വരുന്നത് അതിവേഗ പാത
നിലവിൽ ദേശീയ പാതകളുടെ സാന്നിധ്യം ഉണ്ടെങ്കിലുംപുതിയതായി വരാൻ പോകുന്നത് അതിവേഗ പാത ആണെന്നുള്ളതാണ് പ്രത്യേകത.
റോഡ് മാർഗം വേഗത്തിൽ സഞ്ചരിക്കാൻ ഒരുക്കുന്ന ഈ പാതയ്ക്കു വീടുകളും സ്ഥാപനങ്ങളും മേഖലയിലെ പട്ടണങ്ങളും ഒഴിവാക്കിയാണ് റൂട്ട് തെരഞ്ഞെടുത്തിരിക്കുന്നതെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നു.
സ്ഥലം എടുപ്പ് ചെലവിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാർ ആണ് വഹിക്കുക . കേന്ദ്ര സർക്കാർ അംഗീകരിച്ച ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം.
ഏറ്റെടുക്കുന്ന ഭൂമിക്കു മാർക്കറ്റ് വില ലഭിക്കുമെന്നതിനാൽ ഭൂമി വിട്ടുനൽകുന്നതിനു തടസം ഉണ്ടാവില്ലന്നാണ് കരുതുന്നത്.
ഭോപ്പാലിലെ സ്വകാര്യ ഏജൻസിയാണ് പുതിയ അലൈൻമെന്റും തയാറാക്കുക. തുടർന്ന് അലൈൻമെന്റ് അംഗീകരിക്കപ്പെടുന്നതോടെ സർവേയും ഭൂമി ഏറ്റെടുക്കൽ നടപടിയും തുടങ്ങാനാകും.
സീറോ ഫോറെസ്റ്റ് സർവേ, ടോപ്പോ ഗ്രാഫിക് സർവേ തുടങ്ങിയവ നേരത്തെ പൂർത്തിയാക്കിയതാണ്. ഇനി അലൈൻമെന്റിൽ മാറ്റം വരുത്തുന്ന ഭാഗത്ത് ഈ സർവേയും ലൊക്കേഷൻ സർവേയും നടത്തേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശബരി പാതയ്ക്കും ജീവൻ
വിമാനത്താവള പദ്ധതിക്കു നടപടി പുരോഗമിക്കുന്നതിനൊപ്പം എരുമേലി വഴിയുള്ള ശബരി റെയിൽവേ പാതയുടെ നടപടികളും ജീവൻ വച്ചിരിക്കുകയാണ്. കഴിഞ്ഞയിടെ എസ്റ്റിമേറ്റ് പുതുക്കിയതോടെ റെയിൽവേ പദ്ധതിക്കും ഗതിവേഗം കൈവന്നത്.
എരുമേലിക്ക് അഞ്ച് കിലോമീറ്റർ അടുത്ത് എംഇഎസ് കോളജ് ഭാഗത്താണ് റെയിൽവേ സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്.
വിമാനത്താവളം, റെയിൽ പാത, പുതിയ അതിവേഗ ദേശീയ പാത എന്നിങ്ങനെ മൂന്നു വൻ വികസന പദ്ധതികളാണ് പുതുവർഷത്തോടെ നിർമാണത്തിലേക്കു കടക്കുമെന്നു പ്രതീക്ഷിക്കുന്നത്.