‘
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ കുടുതൽ പേർ പരാതികളുമായി രംഗത്തെത്തി. വെഞ്ഞാറമൂട്, കന്റോണ്മെന്റ് ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലാണ് പണം നഷ്ടപ്പെട്ടവർ പരാതികളുമായി എത്തിയത്.
കേസിലെമുഖ്യപ്രതിയായ തിരുവനന്തപുരം സ്റ്റ്യാച്യൂ പുന്നൻ റോഡ് ഗോകുലത്തിൽ ദിവ്യാ ജ്യോതിയെ (41) പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പിന് പിന്നിൽ രാഷ്ട്രീയ രംഗത്തുള്ളവർ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെ ന്നാണ് പുറത്ത് വരുന്ന വിവരം. ടൈറ്റാനിയത്തിലെ പ്രധാന തസ്തികയിലെ ഓഫീസറായ ശശികുമാരൻ തന്പി, ശ്യാംലാൽ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇവരെല്ലാം ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലക്ഷകണക്കിന് രൂപ പ്രതികൾ ഉൾപ്പെട്ട സംഘം ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തതായാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതിൽ പലരും പരാതി നൽകാൻ ഇനിയും തയാറായിട്ടില്ല. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങുകയും ടൈറ്റാനിയത്തിലെത്തിച്ച് ഇന്റർവ്യു നടത്തിയ ശേഷം കബളിപ്പിച്ചുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.
ടൈറ്റാനിയത്തിൽ കെമിസ്റ്റ് തസ്തികയിൽ സ്ഥിരം ജോലി വാഗാനം നൽകി 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പിരപ്പൻകോട് സ്വദേശിനിയുടെ പരാതിയിൽ വെഞ്ഞാറമൂട് പോലീസാണ് ഇന്നലെ ദിവ്യജ്യോതിയെ അറസ്റ്റ് ചെയ്തത്.
ഇതേ മാതൃകയിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 1.5 കോടിയോളം രൂപ തട്ടിയെടുത്തതായി ദിവ്യ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
കേസിലെ മറ്റുപ്രതികളായ ദിവ്യയുടെ ഭർത്താവ് രാജേഷ്, ടെറ്റാനിയത്തിലെ ജനറൽ മാനേജർ (ലീഗൽ) ശശികുമാരൻ തന്പി, ഇദ്ദേഹത്തിന്റെ സുഹൃത്തായ ശ്യാംലാൽ, മറ്റൊരു സുഹൃത്ത് തിരുമല വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന പ്രേംകുമാർ എന്നിവർ ഒളിലാണെന്ന് പോലീസ് പറഞ്ഞു.
ദിവ്യയെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമേ മറ്റു പ്രതികൾക്ക് പണം കൈമാറിയത് അടക്കമുള്ള വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നു പോലീസ് അറിയിച്ചു.