ചാരുംമൂട്: നാലരലക്ഷം രൂപയുടെ കള്ളനോട്ടുമായി അഞ്ചുപേർ പിടിയിലായ സംഭവത്തിൽ മുഖ്യപ്രതി ആറ്റിങ്ങൽ ശ്യാമെന്നു വിളിക്കുന്ന ഷംനാദിന് സിനിമ മേഖലയുമായി അടുപ്പമുള്ളതിനാൽ സിനിമ മേഖലയിലേക്കും പോലീസ് അന്വേഷണം നടത്തും.
കേസിലെ മറ്റൊരു പ്രതി ചുനക്കര കോമല്ലൂർ സ്വദേശി രഞ്ജിത്തിന് പണം പലിശയ്ക്ക് കൊടുക്കുന്ന ഇടപാടുള്ളതിനാൽ കള്ളനോട്ട് ഇതിനായി ഉപയോഗിച്ചോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൂടാതെ റിമാൻഡിലായ മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേരെയും കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്നും നൂറനാട് സിഐ പി. ശ്രീജിത്ത് പറഞ്ഞു.
കള്ളനോട്ട് നിർമിച്ചിരുന്ന മുഖ്യപ്രതിയുംസിനിമാ സീരിയൽ നടനുമായ തിരുവനന്തപുരം നേമംപുതിയ കാരയ്ക്കമണ്ഡപം വാർഡിൽ ശിവൻ കോവിലിൽ റോഡിൽ സ്വാഹിദ് ശ്യാം എന്നു വിളിക്കുന്ന ഷംനാദ് (40), ഇയാളുടെ സഹായി കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ രഞ്ജിത്ത് (49), താമരക്കുളം പേരൂർ കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38), കൊല്ലം ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഈസ്റ്റ് കല്ലട കൊടുവിള ക്ലീറ്റസ് (45) എന്നിവരാണ് റിമാൻഡിലായത്.
കഴിഞ്ഞദിവസം ചാരുംമൂട് ചോയ്സ് സൂപ്പർമാർക്കറ്റിൽ ലേഖ മാറാൻ കൊണ്ടുവന്ന 500 രൂപയുടെ കള്ളനോട്ടു പിടികൂടിയ സംഭവത്തിന്റെ അന്വേഷണത്തിനൊടുവിലാണ് വൻ കള്ളനോട്ട് സംഘം പിടിയിലായത്.
നാലര ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. പ്രിന്റിംഗ് സാമഗ്രികളും മുഖ്യപ്രതി സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ക്ലീറ്റസിനെ ലേഖയ്ക്ക് പരിചയപ്പെടുത്തി നൽകിയത് ചുനക്കര കോമല്ലൂർ സ്വദേശിയായ രഞ്ജിത്താണന്ന് പോലീസ് വ്യക്തമാക്കി.
ഇവരെ ചോദ്യം ചെയ്തപ്പോൾ ശ്യാമാണ് തങ്ങൾക്കു കള്ളനോട്ട് നിർമിച്ചു നൽകുന്നതെ ന്നു പോലീസിനുമൊഴി നൽകി. എന്നാൽ, ശ്യാം എന്ന പേരിൽ പോലീസ് ആദ്യം അന്വേഷണം നടത്തിയപ്പോൾ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീടാണ് പ്രതിയുടെ യഥാർഥ പേര് ഷംനാദ് ആണെന്ന് തിരിച്ചറിയുകയും പോലീസ് ഇയാളെ കണ്ടെത്തുകയും ചെയ്തത്.
കഴിഞ്ഞദിവസം ശാസ്താംകോട്ടയ്ക്കു സമീപത്തുനിന്നുമാണ് ഷംനാദിനെ പോലീസ് പിടികൂടിയത്.
ശ്യാം ആറ്റിങ്ങൽ എന്ന പേരിൽ കടുവ, കാപ്പ തുടങ്ങിയ മലയാള സിനിമയിലും സിറൈ എന്ന തമിഴ് സിനിമയിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കടുവ സിനിമയിൽ ജയിൽ പുള്ളിയുടെ വേഷത്തിലാണ് ഇയാൾ അഭിനയിച്ചത്.
കൂടാതെ രഹസ്യം തുടങ്ങിയ സീരിയലുകളിലും ഇയാൾ ചില വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും 500, 200, 2000 രൂപയുടെ കള്ളനോട്ടുകൾ ആണ് പ്രിന്റ് ചെയ്ത് നിർമിച്ചിരുന്നത്.
ഷംനാദിനെ ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതിനാൽ കൊട്ടാരക്കര വാളകം സ്വദേശിയായ ശ്യാം ശശിയെ കള്ളനോട്ട് നിർമിക്കാൻ സഹായത്തിനായി ഉപയോഗിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
ഒറിജിനൽ നോട്ടിൽ ഉള്ളതുപോലെ ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടെ എല്ലാ അടയാളങ്ങളും നോട്ടിൽ രേഖപ്പെടുത്തിയിരുന്നു.
പിടിച്ചെടുത്ത നോട്ടുകൾ ഹൈ ക്വാളിറ്റി കറൻസികൾ ആണോ എന്ന് കണ്ടെത്താൻ അംഗീകൃത ലാബിൽ അന്വേഷണസംഘം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധനയിൽ ഹൈക്വാളിറ്റി കറൻസികൾ ആണെന്ന് കണ്ടെത്തിയാൽ തുടരന്വേഷണം എൻഐഎയ്ക്ക് വിടാൻ സാധ്യതയുണ്ടെന്നും നൂറനാട് സിഐ പി. ശ്രീജിത്ത് പറഞ്ഞു.
ഷംനാദ് കള്ളനോട്ട് നിർമിച്ച ക്ലീറ്റസിനാണ് നൽകിയിരുന്നത്.ക്ലീറ്റസ് ആണ് കള്ളനോട്ട് ചാരുംമൂട്ടിൽ എത്തിച്ചു രഞ്ജിത്തിന് നൽകിയിരുന്നെതെന്നും രഞ്ജിത്ത് ലേഖ വഴി നോട്ടുകൾ ചാരുംമൂട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ നൽകി മാറി വരികയായിരുന്നു എന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വർത്തോളമായി ഒരു ലക്ഷം രൂപയിലേറെ കള്ളനോട്ടുകൾ ചാരുംമൂട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ നൽകി മാറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒരുലക്ഷം രൂപയുടെ കള്ളനോട്ട് ഷംനാദ് നൽകുമ്പോൾ ഇരുപതിനായിരം രൂപയുടെ ഒറിജിനൽ നോട്ടുകൾ ആണ് ഇവർ ഷംനാദിന് നൽകിയിരുന്നെ തെന്നും പോലീസ് പറഞ്ഞു.
ചുനക്കര സ്വദേശിയായ രഞ്ജിത്തിന് മുമ്പ് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു ആ വഴിയാണ് കല്ലട സ്വദേശിയായ ക്ലീറ്റസുമായി അടുപ്പത്തിലാക്കിയതെന്നും പിന്നീട് കള്ളനോട്ട് ബിസിനസിലേക്ക് മാറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
രഞ്ജിത്ത് കോമല്ലൂരിലുള്ള അയാൾ നടത്തിയിരുന്ന ശിവകാമി എന്ന പേരിലുള്ള ഹോട്ടലിലാണ് കള്ളനോട്ടുകൾ സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
രഞ്ജിത്തിനു പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടുണ്ട് അതിനാൽ കള്ളനോട്ടുകൾ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.