പേരൂർക്കട: കുഴിയിൽ വീണ ആനയെ ഫയർഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. പരിക്കില്ലാത്ത രക്ഷപ്പെട്ട ആനയ്ക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി.
ഇന്ന് രാവിലെ 8ന് വലിയശാലയിലാണ് സംഭവം. കാന്തള്ളൂർ മഹാദേവക്ഷേത്രത്തിലെ ശിവകുമാർ എന്ന 60 വയസ് പ്രായമുള്ള ആനയാണ് കുഴിയിൽ അകപ്പെട്ടത്.
ക്ഷേത്രംവക കോമ്പൗണ്ടിൽ തളച്ചിരുന്ന ആന അബദ്ധത്തിൽ സമീപത്തുണ്ടായിരുന്ന കുഴിയിൽ അകപ്പെടുകയായിരുന്നു. തലയുടെ ഭാഗം കുഴിയിൽ അകപ്പെട്ടതോടെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായി ആന.
ദേവസ്വം അധികൃതർ വിവരമറിയിച്ച് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് എഎസ്ടിഒ വിജയന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി, ഫയർ ഓഫീസർമാരായ അഭിലാഷ്, അൻഷാദ്, എം.വി അനീഷ്, സാജൻ സൈമൺ, നൂറുദ്ദീൻ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ആനയെ കുഴിയിൽ നിന്ന് കരയ്ക്കു കയറ്റിയത്.
ഇതിനുവേണ്ടി പ്രധാനമായും ന്യൂമാറ്റിക് ബാഗ് ആണ് ഉപയോഗിച്ചത്. ബാഗിനുള്ളിൽ എയർ നിറച്ച ശേഷം ആനയുടെ തലയുടെ ഭാഗത്ത് വച്ച് സാവധാനം കുഴിയിൽ നിന്ന് പുറത്തേക്ക് ഉയർത്തുകയായിരുന്നു.
കാര്യമായ പരിക്ക് ഉണ്ടായില്ലെങ്കിലും കുറേനേരത്തിന് ശേഷമാണ് ആനയ്ക്ക് എണീക്കാൻ സാധിച്ചത്. ആന പൂർണ ആരോഗ്യവാൻ ആണെന്ന് ഫയർഫോഴ്സ് സംഘം അറിയിച്ചു.