കൊച്ചി: ലോകകപ്പ് ഫുട്ബോൾ വിജയാഘോഷം അതിരുവിട്ടതിനെത്തുടർന്ന് നഗരത്തിൽ പോലീസുകാരെ മർദിച്ച കേസിൽ ഒളിവിൽ കഴിയുന്ന രണ്ടു പേർക്കായി എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കലൂർ സ്വദേശികളായ അരുണ് ജോർജ് (31), ശരത് (32), റിവിൻ (33) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 12.30ഓടെ കലൂരിലെ ബാറിന് മുന്നിലായിരുന്നു സംഭവം. മർദനത്തിൽ നോർത്ത് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ലിബിൻ രാജ്, ബിബിൻ എന്നിവർക്ക് പരിക്കേറ്റു.
ഇരുവരും പ്രാഥമിക ചികിത്സതേടിയ ശേഷം ആശുപത്രി വിട്ടു. പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു.
ലോകകപ്പ് വിജയാഘോഷത്തിനിടെ മദ്യപിച്ച് റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയാണ് പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചത്. ബാറിലിരുന്ന് കളികണ്ട പ്രതികൾ അർജന്റീന വിജയിച്ചതോടെ ആഘോഷമായി പുറത്തേക്ക് ഇറങ്ങി.
റോഡ് തടസപ്പെടുത്തിയായിരുന്നു ഇവരുടെ ആഘോഷം. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരായ ലിബിൻ രാജ്, ബിബിൻ എന്നിവർ സ്ഥലത്തെത്തി.
റോഡിൽനിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയാറായില്ല. ഇതോടെ ഇവരെ ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പ്രതികൾ മൂവരും ചേർന്ന് ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു.
ഇതിനിടെ നിലത്തുവീണ ലിബിൻ രാജിന്റെ കാലിൽ പിടിച്ച് വലിക്കുകയും നിലത്തുകൂടെ വലിച്ചിഴക്കുകയും ചെയ്തു. ഈസമയം ബിബിൻ പ്രതികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അക്രമികൾ മർദനം തുടർന്നു.
ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.