തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ ഡോക്ടർ ബിരുദ സമർപ്പണ ചടങ്ങിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ടുകൾ.
ആയുർവേദ കോളജിൽ ഈ മാസം 15ന് ആയുർവേദ ഡോക്ടർ ബിരുദം (ബിഎഎംഎസ്- BAMS) സ്വീകരിച്ചവരിൽ പലരും പരീക്ഷ പോലും പാസ്സാകാത്തവർ. ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
ബിരുദ സമർപ്പണത്തിലെ ക്രമക്കേടിന് എതിരെ ചില വിദ്യാർഥികൾ രംഗത്തെത്തിയതോടെയാണു സംഭവം പുറത്തായത്.
ഇതോടെ ഭാരവാഹികൾ സമ്മർദ്ദത്തിലാകുകയും ചെയ്തു. ബിരുദ സമർപ്പണച്ചടങ്ങിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയതായുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ബിരുദ സമർപ്പണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകുമെന്നു വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്.
വൻ ക്രമക്കേടാണ് ബിരുദ സമർപ്പണത്തിൽ നടന്നിരിക്കുന്നത്. പഠിച്ച് പരീക്ഷ പാസ്സാകാത്തർ പോലും ഡോക്ടർമാരാകുകയാണ് ഈ ചടങ്ങിലൂടെ സംഭവിച്ചിരിക്കുന്നത്.
ആർക്കൊക്കെ ബിരുദം നൽകണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷനായിരുന്നു എന്നാണ് വിവരം.
ഇവർ നൽകിയ പട്ടിക അനുസരിച്ചാണു ചടങ്ങ് സംഘടിപ്പിച്ചതെന്ന് കോളജും വ്യക്തമാക്കുന്നു. അതേസമയം ആരോപണം ഉയർന്ന സാഹചര്യത്തിൽ അത് പരിശോധിക്കുമെന്നും അതിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും പ്രിൻസിപ്പൽ ഡോ.ജി.ജെയ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പട്ടികയനുസരിച്ച് താൽപര്യമുള്ളവരെ ജയിപ്പിച്ചു ഡോക്ടർമാരാക്കിയാൽ ഇവരുടെയടുത്ത് ചികിത്സയ്ക്കു വരുന്ന രോഗികളുടെ കാര്യം എന്താകുമെന്ന ചോദ്യങ്ങളും ചിലർ ഉയർത്തുന്നുണ്ട്. ആർക്കും എപ്പോഴും സആന്തമാക്കാവുന്ന ബിരുദമായി ബിഎഎംഎസ് മാറിയെന്നും ചിലർ കുറ്റപ്പെടുത്തുന്നു.
ഗുരുതരമായ കൃുറ്റകൃത്യമാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നും ഗവർണർ ഈ പ്രശ്നത്തിൽ ഇടപെടണമെന്നുമാണ് നിലവിൽ ഉയരുന്ന ആരോപണം.
ഹൗസ് സർജൻസി ഉൾപ്പെടെ അഞ്ചര വർഷം ദൈർഘ്യമുള്ളതാണ് ബിഎഎംഎസ് കോഴ്സ്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലായിരുന്നു ബിരുദ സമർപ്പണച്ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയത്.
അതേസമയം പ്രോ–ചാൻസലർ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നെങ്കിലും പങ്കെടുക്കാത്തതും ഏറെ ചർച്ചയായിട്ടുണ്ട്.