കോട്ടയം: ദൈവപുത്രന്റെ തിരുപ്പിറവിയെ വരവേല്‍ക്കാനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. എങ്ങും ക്രിസ്മസിന്റെ ആരവങ്ങളാണ്. രാത്രിയെ പകലാക്കുന്ന ക്രിസ്മസ് വൈബില്‍ നഗരവാസികളും ആഹ്ളാദത്തിലാണ്.
വ്യാപാര സ്ഥാപനങ്ങള്‍ ദീപാലംകൃതമായി. വീടുകളിൽ നക്ഷത്രങ്ങള്‍ മിന്നിതെളിയുന്നു. കാരള്‍ ഗാനങ്ങള്‍ എങ്ങും കേള്‍ക്കാം. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് ഉണ്ണിയേശുവിനു പിറക്കാന്‍ പുല്‍ക്കൂട് ഒരുക്കുന്ന തിരക്കിലാണ്.
മിന്നിത്തെളിയുന്ന നക്ഷത്രങ്ങള്‍
പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് ഇത്തവണ വീണ്ടും ഡിമാൻഡ് കൂടിയിട്ടുണ്ട്. എങ്കിലും ഓട്ടോമാറ്റിക് ലൈറ്റുകളുടെ വര്‍ണ ഭംഗിയിലും എല്‍ഇഡി ബള്‍ബുകളുടെ മാസ്മരികതയിലും മിന്നിതെളിയുന്ന നക്ഷത്രങ്ങളാണ് ഇത്തവണയും വിപണി കീഴടക്കിയിരിക്കുന്നത്.
നക്ഷത്രങ്ങള്‍ക്കൊപ്പം അലങ്കാരങ്ങളുടെയും ഓട്ടോമാറ്റിക് ബള്‍ബുകളുടെയും കച്ചവടം ഇത്തവണ നേരത്തെ തുടങ്ങിയിരുന്നു. പലയിടത്തും ക്രിസ്മസ് ട്രീകള്‍ ഒരുങ്ങിക്കഴിഞ്ഞു. 100രൂപ മുതല്‍ മിന്നിതെളിയുന്ന ബള്‍ബുകള്‍ ലഭിക്കും.
മധുരമൂറുന്നകേക്ക് വിപണി
കേക്കിന്റെ മാധുര്യമില്ലെങ്കില് എന്തു ക്രിസ്മസ് ആഘോഷം. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്സ്, വാള്‍നട്സ്, ഡ്രൈഫ്രൂട്ട്സ്, ചോക്കലേറ്റ്, ബ്രൌണി, പൈനാപ്പിള്‍ ക്രീം…. ക്രിസ്മസ് സ്പെഷല്‍ കേക്കുകളുടെ നിര ഇങ്ങനെ നീളുന്നു.
ആവശ്യക്കാരുടെ മുന്നില്‍ വച്ചുതന്നെ നിമിഷങ്ങള്‍ക്കകം കേക്കുകള്‍ ഉണ്ടാക്കി നല്‍കുന്നതാണ് ഇത്തവണത്തെ ഏറ്റവും പുതിയ ട്രന്‍ഡ്. പ്ലം കേക്കിനും മാര്‍ബിള്‍ കേക്കിനും 800 ഗ്രാമിന് 360 രൂപയാണ് വില. 1,000 രൂപയിലേറെ വിലവരുന്ന കേക്കുകളും ലഭ്യമാണ്.
സാന്താക്ലോസും കാരള്‍ സംഘങ്ങളും
ക്രിസ്മസ് പാപ്പയും സജീവമാണ്. ക്രിസ്മസ് പാപ്പയുടെ കുപ്പായവും മുഖംമൂടിയും ക്രിസ്മസ് വിപണികളിലെ പ്രധാന ആകര്‍ഷണമാണ്.
മുഖംമൂടിക്ക് 25 മുതല്‍ 250 രൂപ വരെയാണ് വില. തൊപ്പിക്ക് വില 99 രൂപ വരെ. വടിയ്ക്ക് 100 രൂപ. കുപ്പായത്തിന് 249 മുതല്‍ 350 രൂപ വരെ. സാന്താ രൂപങ്ങള്‍ ഘടിപ്പിച്ച പെന്സിലുകള്ക്കും കീചെയിനുകള്ക്കും സ്റ്റിക്കറുകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്.
ബാറ്ററിയുപയോഗിച്ചു ചലിക്കുന്ന സാന്താക്ലോസിന് 815 രൂപയോളം വിലവരും. നഗരത്തിലെ വലിയ കടകളില്‍ കൂറ്റന്‍ സാന്താക്ലോസ് രൂപങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്.
ഇടവകകളിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ കാരള്‍ റാലികളും ആരംഭിച്ചിട്ടുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കാരള്‍ ഗാനമത്സരവും ഒരുക്കിയിട്ടുണ്ട്.
റെഡിമേഡ് പൂല്‍ക്കൂടുകളുടെ കാലം
റെഡ്മേഡ് പുല്‍ക്കൂടുകള്‍ക്കാണ് ആവശ്യക്കാരേറെ തടികള്‍ കൊണ്ടും ചൂരല്കൊണ്ടുമുള്ള പുല്‍ക്കൂടുകളുടെ വിപണനം പൊടിപൊടിക്കുകയാണ്. 300 രൂപ മുതല്‍ 5,000 രൂപ വരെയുള്ള പുല്ക്കൂടുകളുണ്ട്.
പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകള്‍ക്കും ആവശ്യക്കാരേറെയാണ്. ക്രിസ്മസ് വിപണിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന ഇനങ്ങളാണ് പുല്‍ക്കൂടും ട്രീയും. ക്രിസ്മസ് ക്രിബുകള്ക്കും ആവശ്യക്കാരുണ്ട്.