തിരുവനന്തപുരം: ഗാർഹിക തർക്കത്തിനിടെ ഭാര്യയുടെ വസ്ത്രങ്ങൾ കത്തിക്കാൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. പാലോട് ഇലവട്ടം നീർപ്പാറ സ്വദേശി അഭിലാഷ് (47) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ്, ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
തർക്കം രൂക്ഷമായതോടെ ഭാര്യയുടെ വസ്ത്രങ്ങൾ വീട്ട്മുറ്റത്ത് കൂട്ടിയിട്ട് കത്തിക്കാൻ അഭിലാഷ് ശ്രമിച്ചു. തീ കത്തിക്കുന്നതിനിടെ അഭിലാഷിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
ശരീരത്തിന്റെ 90 ശതമാനം ഭാഗത്തും പൊള്ളലേറ്റ അഭിലാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.