തൃശൂർ: വാട്സ്ആപ്പ് വീഡിയോ കോളിംഗ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും ചിത്രങ്ങൾ അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂർ സിറ്റി സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. തൃപ്രയാർ പൈന്നൂർ ദേശത്ത് കൊളത്തേക്കാട്ട് കിരൺ കൃഷ്ണ (26)യാണ് പിടിയിലായത്.
പ്രതി ചെന്നൈ, വയനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. വയനാട് തൊള്ളായിരംകണ്ടി എന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.സൗഹൃദം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമാണ് സ്ത്രീയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയത്.
തുടർന്ന് വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പലർക്കും കൈമാറി. അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ പോലീസ് കണ്ടെത്തി സീൽ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.