ചിങ്ങവനം: പന്നിമറ്റത്ത് ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് പിറ്റേന്നുതന്നെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെട്ടിപ്പൊളിച്ചതായി നാട്ടുകാരുടെ പരാതി.
പന്നിമറ്റം- പരുത്തുംപാറ റോഡില്‍ പന്നിമറ്റം കവലയ്ക്ക് സമീപമാണ് റോഡ് വെട്ടിപ്പൊളിച്ചത്. തകര്‍ന്ന് കിടന്ന റോഡ് നാളുകള്‍ക്ക് ശേഷമാണ് ടാര്‍ ചെയ്തത്.
റോഡ് വെട്ടിപ്പൊളിക്കുന്നത് കണ്ടു നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ജീവനക്കാര്‍ പണി തുടര്‍ന്നു. നാട്ടുകാര്‍ ചിത്രീകരിച്ച വീഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫേസ്ബുക്ക് കൂട്ടായ്മയിലും വൈറലായതോടെ സംഭവം വിവാദമായി.
ഇതോടെ വാട്ടര്‍ അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തി.കുഴിച്ചസ്ഥലത്ത് ഒരു വീട്ടുകാരുടെ കണക്ഷനുണ്ടെന്നും ടാറിംഗിനുശേഷം ഇവിടെ ലീക്ക് വന്നതാണ് കുഴിക്കാന്‍ കാരണമായതെന്നും പൊതുമരാമത്ത് വകുപ്പിന്റെ അനുവാദത്തോടെയാണ് കുഴിച്ചതെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വിശദീകരിച്ചത്.
പ്രശ്നത്തില്‍ ജലസേചന മന്ത്രി ഇടപെടുകയും കുഴിച്ച ഭാഗം അടിയന്തരമായി കോണ്‍ക്രീറ്റ് ചെയ്തു നല്കാന് വാട്ടര്‍ അതോറിറ്റി അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു.