കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഭാരത് ജോഡോ യാത്ര ഹരിയാനയില്‍. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കോവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ഹരിയാനയില്‍ യാത്ര ആരംഭിച്ചിരിക്കുന്നത്.
മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെയാണ് യാത്ര. ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു.
മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സീന് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ ഭാരത് ജോഡോ യാത്രയോട് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഇഷ്ടക്കേടാണെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തിയ റാലിയില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.
ബിജെപി നേതാക്കളുടെ പ്രചരണ പരിപാടികള്‍ക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കു മാത്രം ഏര്‍പ്പെടുത്തുന്നതു ദുരൂഹമാണെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചു.
രാഹുല്‍ഗാന്ധിയുടെ യാത്രയ്ക്ക് പിന്തുണ വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.