വെബ്‌ഡെസ്ക്
സൂര്യ ടിവിയില്‍ ചെയ്തുകൊണ്ടിരുന്ന ‘കുട്ടിപ്പട്ടാളം’ പരിപാടി അവസാനിപ്പിച്ചതു കഴിഞ്ഞദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കുട്ടികളെവച്ചു നടത്തിയിരുന്ന ഈ പരിപാടിക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചെറിയ കുട്ടികളെ ചാനല്‍ സ്റ്റുഡിയോയില്‍ കൊണ്ടുവന്നിരുത്തി അവരോട് ഓരോ കാര്യങ്ങള്‍ ചോദിക്കുകയും അവരുടെ നിഷ്കളങ്ക മറുപടിയുമായിരുന്നു പരിപാടിയുടെ ജീവശ്വാസം. എന്നാല്‍ അവതാരക കുട്ടികളോട് ദ്വയാര്‍ഥ പ്രയോഗത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പരിപാടിക്കെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതിയെത്തി. ഇതോടെ പരിപാടി അവസാനിപ്പിക്കാന്‍ സൂര്യ ടിവി നിര്‍ബന്ധിതരായെന്നാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. കുട്ടിപ്പട്ടാളത്തിന്റെ അവതാരകയും ചലച്ചിത്രതാരവുമായ സുബി സുരേഷ് വിവാദങ്ങളെപ്പറ്റി രാഷ്ട്രദീപികയോട് പ്രതികരിക്കുന്നു.
പരിപാടി അവസാനിപ്പിച്ചതു ചാനല്‍ തന്നെ
കുട്ടിപ്പട്ടാളം ഷോ അവസാനിപ്പിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാണ് വിവാദത്തെക്കുറിച്ച് ഞാന്‍ അറിയുന്നത്. ബാലാവകാശകമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പരിപാടി നിര്‍ത്തിയതെന്ന വാര്‍ത്തകള്‍ അസത്യമാണ്. സണ്‍നെറ്റ്‌വര്‍ക്കിന്റെ നാലു ചാനലുകളിലും സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന പരിപാടി ഒരേസമയമാണ് അവസാനിപ്പിച്ചത്. മറ്റൊരു ചാനലുമായി കരാറിലൊപ്പിട്ടതുകൊണ്ടാണ് ഞാന്‍ ഈ പരിപാടിയില്‍നിന്ന് പിന്‍മാറിയത്. ബാലവകാശ കമ്മീഷനിലെ കേസുകളെക്കുറിച്ച് എനിക്കറിയല്ല.
വിവാദങ്ങള്‍ക്കു പിന്നില്‍?
മലയാള ടിവി ചാനലുകളില്‍ ഏറ്റവുമധികം റേറ്റിംഗുണ്ടായിരുന്ന പരിപാടിയായിരുന്നു കുട്ടിപ്പട്ടാളം. ഈ പരിപാടി ഹിറ്റായതോടെ സമാനരീതിയിലുള്ള പരിപാടികളുമായി മറ്റു ചാനലുകളും രംഗത്തുവന്നു. എന്നാല്‍, കുട്ടിപ്പട്ടാളത്തിന്റെ ആധിപത്യം തകര്‍ക്കാന്‍ ആര്‍ക്കുമായില്ല. മറ്റു ചാനലുകളിലെ പരിപാടികളാകട്ടെ നിന്നുപോകുകയും ചെയ്തു. കുട്ടിപ്പട്ടാളത്തെ എങ്ങനെയെങ്കിലും തകര്‍ക്കണമെന്നു കച്ചകെട്ടിയിറങ്ങിയവരാണ് ഇതിനു പിന്നിലെന്നാണ് ഞാന്‍ കരുതുന്നത്. വിവാദങ്ങളുണ്ടാക്കി നശിപ്പിക്കുകയാണല്ലോ ഇപ്പോഴത്തെ രീതി. കുട്ടിപ്പട്ടാളം ചാനല്‍യുദ്ധത്തിന്റെ ഇരയെന്ന് പറയുന്നതില്‍ തെറ്റില്ല. പരിപാടിയെപ്പറ്റി കേസു കൊടുത്തത് അയാള്‍ക്കു പ്രശസ്തനാകാന്‍വേണ്ടി ചെയ്തതായിരിക്കും.
കുട്ടിപ്പട്ടാളത്തിലെ അനുഭവം
ചെന്നൈയിലായിരുന്നു പരിപാടിയുടെ ഷൂട്ട്. ഒരു സ്റ്റുഡിയോയില്‍ തന്നെയാണ് നാലു ചാനലുകളിലേക്കുമുള്ള ഷോ ഷൂട്ട് ചെയ്തിരുന്നത്.നാലും അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി ഷൂട്ട് ചെയ്തിരുന്നു. നൂറിലധികം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രമായിരുന്നു പരിപാടിക്ക് ആവശ്യമായ ഉത്തരങ്ങള്‍ കിട്ടിയിരുന്നത്. പരിശീലനം പോലുമില്ലാതെയാണ് കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. കുട്ടികളെ കൊണ്ട് ബോധപൂര്‍വം പറയിപ്പിക്കുകയാണെങ്കില്‍ രക്ഷിതാക്കള്‍ പ്രശ്‌നമുണ്ടാക്കണമല്ലോ. ഇവിടെ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ചെറിയ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. അവര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് വീടുകളിലാണ്. അപ്പോള്‍ വീട്ടിലെ കാര്യങ്ങളും മറ്റുമായിരിക്കണം അവരോട് ചോദിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ കാര്യങ്ങളൊക്കെ കുട്ടികളോട് ചോദിക്കാന്‍ പറ്റില്ലല്ലോ.