ഇരിട്ടി: ആറളം ഫാമിൽ കടുവ പശുവിനെ കടിച്ചുകൊന്നു. ബ്ലോക്ക് നാലിലെ പാടിയിയിലാണ് പശുവിനെ കടുവ കടിച്ചു കൊന്നത്.
പശുവിനെ കടുവ കഴുത്തിന് കടിച്ച് 100 മീറ്ററോളം വലിച്ചുകൊണ്ടു പോയതിന്റെ ചോരപ്പാടുകൾ കാണാനുമുണ്ട് ശരീരമാസകലം കടുവ മാന്തിപ്പറച്ചതിന്റെ പാടുകളും ഉണ്ട്.
കടിച്ചു വന്നതിനുശേഷം പശുവിന്റെ പിൻഭാഗം കടുവ കടിച്ചു തിന്ന നിലയിലാണ് കണ്ടെത്തിയത്. അസീസ് എന്നയാൾ വളർത്തുന്ന പശുവിനെ ഇന്നലെ മുതൽ കാണുന്നുണ്ടായിരുന്നില്ല.
നാലാം ബ്ലോക്കിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ഇന്ന് രാവിലെ ഒൻപതിന് പശുവിനെ കടുവ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. അസീസ് വർഷങ്ങളായി പശുവിനെ ഫാമിൽ അഴിച്ചു വിട്ടാണ് വളർത്തിയിരുന്നത്. ജനവാസ മേഖലയാണിത്.
ഫാമിലെ ബ്ലോക്കുകളിലെ ഒന്നും അഞ്ചിലുമായി കടുവയെ കണ്ടിരുന്നു. കടുവയെ കള്ള് ചെത്തുതൊഴിലാളികൾ നേരിട്ടു കാണുകയും മൊബൈലിൽ ദൃശ്യം പകർത്തുകയും ചെയ്തിരുന്നു.
എന്നാൽ, കടുവ വന്യ ജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചു എന്ന് പറഞ്ഞു വനംവകുപ്പ് കൈയൊഴിയുകയായിരുന്നു. ആനയും കടുവയുമായി ആറളം ഫാമിന്റെ പ്രവർത്തനം പൂർണമായി നിലച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുകാരണം സംഭവിക്കുന്നത്.
ഫാമിലെ ജനവാസ മേഖലയിലുള്ള കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. എടത്തൊട്ടിയിൽ രണ്ടുദിവസങ്ങളായി പുലിയെ കണ്ടെന്നുള്ള വിവരവും പുറത്തുവന്നത്തോട് കൂടി മേഖലയിൽ ആകെ ആശങ്ക പടർന്നിരിക്കുകയാണ്.
തൊഴിലാളികൾക്ക് പുലർച്ച റബ്ബർ ടാപ്പിംഗിന് പോകാൻ പറ്റാത്ത രീതിയാണുള്ളത് ഉള്ളത്. കടുവയും പുലിയും ജനവാസ മേഖലകൾ ഉൾപ്പെടെ ഭീതി പരത്തുമ്പോഴും കാമറ സ്ഥാപിക്കാനോ കടുവയെ കൂട്ടിലാക്കാനുള്ള ശ്രമമോ വനം വകുപ്പ് നടത്തുന്നില്ലെന്നത് ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.
കടുവ ഭീതി ഉണ്ടായ ശേഷം ഉളിക്കൽ, പായം,അയ്യൻകുന്ന്, ആറളം, മുഴക്കുണ് പഞ്ചായത്തിലെ ജനങ്ങൾ റബർ ടാപ്പിംഗ് ഉൾപ്പെടെ ഉള്ള പുലർകാല തൊഴിൽ ഉപേക്ഷിച്ച് പുറത്തിറങ്ങാൻ മടിക്കുകയാണ്.
ഇന്ന് രാവിലെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയാണ് പശുവിനെ കൊന്നതെന്ന് സ്ഥിരീകരിച്ചു. ആറളം അഡീഷണൽ എസ് ഐ വി. ഡി. റെജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കടുവ,ആന ഭീഷണിയെ തുടർന്ന് കള്ള് ചെത്ത് തൊഴിലാളികൾ കയ്യിൽ പടക്കവുമായി വന്നതാണ് തൊഴിൽ ചെയ്യുന്നത്. 80 ഓളം തൊഴിലാളികൾ മുൻകൂട്ടി പണം അടച്ച ശേഷമാണ് ഫാമിൽ തെങ്ങ് ചെത്താൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ ഈ തൊഴിൽ ഉപേക്ഷിച്ചു പെട്ടെന്ന് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്.