തിരുവനന്തപുരം: ക്രൂരമായ രാഷ്ട്രീയ വഞ്ചനയിലൂടെ വാർധക്യ കാലത്ത് കെ. കരുണാകരന്റെ മനസ് തകർത്തത് സിപിഎം ആണെന്ന് ചെറിയാൻ ഫിലിപ്പ്.
കെ.കരുണാകരന്റെപന്ത്രണ്ടാം ചരമവാർഷിക ദിനമായ ഇന്ന് അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ ചില തിക്താനുഭവങ്ങൾ പറയാതെ വയ്യ എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് ചെറിയാൻ ഫിലിപ്പ് സിപിഎമ്മിനെ വിമർശിക്കുന്നത്.
2004 ൽ കോൺഗ്രസിൽ ഗ്രൂപ്പുവഴക്കുകൾ മൂർച്ഛിച്ചപ്പോൾ എൽ ഡി എഫിലേക്ക് വരാൻ കരുണാകര വിഭാഗത്തെ ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് സി പി എം നേതൃത്വമാണ്.
അതിനെ തുടർന്നാണ് കരുണാകരൻ ഡി ഐ സി രൂപീകരിച്ചത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഡി ഐ സിയുമായി സി പി എം സഖ്യമുണ്ടാക്കി.
ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ സെബാസ്റ്റ്യൻ പോൾ (എറണാകുളം), പന്ന്യൻ രവീന്ദ്രൻ ത്രിരുവനന്തപുരം) എന്നിവരുടെ വിജയത്തിന് കരുണാകരന്റെ സഹായം തേടി.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തിൽ ഡി ഐ സി യുമായി സഖ്യം വേണ്ടെന്ന സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ കരുണാകരൻ ഞെട്ടി.
ഒരാൾ പോലും അദ്ദേഹത്തെ വിളിച്ചില്ല. മരണം വരെയും മനസിലെ മുറിവ് ഉണങ്ങിയിരുന്നില്ല. കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട കെ.മുരളീധരന്റെ തിരിച്ചു വരവ് കാണാൻ കഴിയാതെയാണ് കരുണാകരൻ അന്ത്യശ്വാസം വലിച്ചതെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
കരുണാകരനുമായി സഖ്യത്തിന് ആദ്യം പരസ്യ നിലപാട് സ്വീകരിച്ചത് വി.എസ്.അച്യുതാനന്ദനായിരുന്നു. തങ്ങളുടെ കൈയിൽ 40 പേരുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടെന്നും 31 പേർ കൂടി വന്നാൽ പുതിയ മന്ത്രിസഭ രൂപീകരിക്കാമെന്നുമാണ് വിഎസ് പറഞ്ഞിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ സഹായം കൂടാതെ ജയിക്കാമെന്നായപ്പോൾ വിഎസ് കാലുമാറിയെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
വി എസിന്റെ പ്രേരണയിലാണ് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സി പി എം പോളിറ്റ്ബ്യൂറോ കരുണാകരനുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് തീരുമാനിച്ചത്.
എന്നാൽ, പിണറായി വിജയൻ മാത്രം കരുണാകരനുമായി സഖ്യത്തിന് അവസാനം വരെ വാദിച്ചിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസുകാരനായ ചെറിയാൻ ഫിലിപ്പ് പിന്നീട് ഇടതു സഹയാത്രികനായി മാറിയിരുന്നു. അതിനുശേഷം കോൺഗ്രസിലേക്ക് വീണ്ടും തിരിച്ചെത്തി.