കോട്ടയം: ക്രിസ്മസ്-പുതുവത്സര നാളുകളിൽ നാട്ടിലെത്തണമെങ്കിൽ പോക്കറ്റ് കീറും. ട്രെയിൻ, കെഎസ്ആര്‍ടിസി എന്നിവയ്ക്കു ടിക്കറ്റില്ല.
മാസങ്ങള്‍ക്കു മുമ്പേ ബുക്ക് ചെയ്തിട്ടും ക്രിസ്മസിന് നാട്ടില്‍ വരണമെങ്കില്‍ സ്വകാര്യ ബസുകളുടെ കൊള്ളയ്ക്കു തലവച്ചു കൊടുക്കേണ്ട ഗതികേടിലാണ് അന്യസംസ്ഥാനത്തു താമസക്കാരായ മലയാളികള്‍.
വര്‍ഷങ്ങളായി ഉത്സവകാലത്തു മലയാളികളെ പിഴിയുന്ന സംഘമാണ് ഇത്തവണയും രംഗത്തെത്തിയിരിക്കുന്നത്. ബംഗളൂരു, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് യാത്രക്കാരെ പിഴിയുന്നത്.
കോട്ടയം-ബംഗളൂരു യാത്രയ്ക്ക് സ്വകാര്യ ബസുകളില്‍ 1700-2100 രൂപയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് 4000 രൂപയാണ് നിരക്ക്. 23, 24, 31 തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്.
ചെന്നൈ, മംഗലാപുരം റൂട്ടുകളിലും ഇതേ രീതിയിലാണ് ഈടാക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ 836 രൂപയ്ക്കു വരെ യാത്ര ചെയ്യാം. ക്രിസ്മസ് സീസണില്‍ ഇതു 939 മുതല്‍ 1370 രൂപ വരെയാകും.
നിലവില്‍ കോട്ടയത്തുനിന്ന് മൂന്നു ബംഗളൂരു സര്‍വീസുകള്‍ നടത്തുമ്പോള്‍, ക്രിസ്മസ് ദിവസങ്ങളില്‍ ഇത് അഞ്ചു വരെയാകും. ജില്ലയില്‍ ബാംഗളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ അധികവും ഐടി ജീവനക്കാരാണ്. 23നാണ് ഇവര്‍ക്ക് അവധി തുടങ്ങുന്നത്.
മൂന്നു മാസം മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഇതുവരെ ട്രെയിനില്‍ കണ്‍ഫേം ആയിട്ടില്ല. ബസിന്റെ അവസ്ഥയും ഇതുതന്നെയാണ്. വിമാന ടിക്കറ്റും സീസണില്‍ പതിനായിരത്തിനു മുകളിലാണ്.
ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ക്ക് തലവച്ചു കൊടുക്കാതെ വഴിയില്ല. സ്വന്തം കാറുള്ളവര് സുഹൃത്തുക്കളുമായി പെട്രോള്‍ ചെലവ് പങ്കുവച്ച് നാട്ടില്‍ എത്തുന്നതിനെപ്പറ്റിയും ആലോചിക്കുന്നു.