സ്വന്തം ലേഖകൻ
തലശേരി: കേരളത്തിൽ മസാജ് സെന്ററുകളുടെ മറവിൽ തഴച്ച് വളർന്ന് സെക്സ് റാക്കറ്റ്. കോടികൾ മറിയുന്ന അധോലോക മാഫിയയായി മാറിക്കൊണ്ടിരിക്കുന്ന സെക്സ് റാക്കറ്റിനു പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും മനുഷ്യക്കടത്ത് സംഘവുമെന്ന് റിപ്പോർട്ട്.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ ആസാം, ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽനിന്ന് നൂറ് കണക്കിന് പെൺകുട്ടികളാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
നിലവിലുള്ള സ്ഥിതി തുടർന്നാൽ ലഹരിക്ക് പുറമെ കേരളം സെക്സ് ഹബ്ബായി മാറുമെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച രഹസ്യ റിപ്പോർട്ടുകൾ പോലീസ് ആസ്ഥാനത്ത് എത്തിയതായും സൂചനയുണ്ട്.
കേരളത്തിലേക്ക് യാത്ര ചെയ്യാൻസൗജന്യ ബാഗുകൾ
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ നിർധന കുടുബങ്ങളിലെ പെൺകുട്ടികളെ മോഹന വാഗ്ദാനങ്ങൾ നൽകിയാണ് മാഫിയ സംഘങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നത്.
ഈ പെൺകുട്ടികളെ അവരറിയാതെ തന്നെ മയക്കു മരുന്ന് കാരിയർമാരായി ഉപയോഗിച്ചുവരുന്നതായും റിപ്പോർട്ടുണ്ട്. രഹസ്യ അറകളുള്ള ബാഗുകൾ മാഫിയ സംഘം തന്നെ പെൺകുട്ടികൾക്ക് യാത്രാ ബാഗായി നൽകുന്നു.
ബാഗ് വാങ്ങാൻ പോലും നിവർത്തിയില്ലാതെ പാസ്റ്റിക് കവറിൽ യാത്രയ്ക്കുള്ള വസ്ത്രങ്ങളുമായി എത്തുന്ന പെൺകുട്ടികൾ ഏജന്റുമാർ നൽകുന്ന ബാഗുകൾ ഏറെ സന്തോഷത്തോടെ വാങ്ങി കേരളത്തിലേക്ക് പുറപ്പെടുകയാണ് ചെയ്തു വരുന്നത്.
മുൻ കാലങ്ങളിൽ അന്ധ്രാ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് പെൺകുട്ടികൾ എത്തിക്കൊണ്ടിരുന്നത്.
എന്നാൽ, ഇപ്പോൾ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ ഒഴുക്കിനു പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിച്ചു വരുന്നതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ട് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് പെൺകുട്ടികളെ കടത്തുന്ന മലയാളികൾ ഉൾപ്പെട്ട വൻ സംഘം പ്രവർത്തിക്കുന്നതായുളള വിവരവും പുറത്തു വന്നിട്ടുണ്ട്.
ജോലി വാഗ്ദാനം ബ്യൂട്ടി പാർലറിൽ,ലഭിക്കുന്നത് മസാജ് സെന്ററിൽ
ബ്യൂട്ടിപാർലറിൽ ജോലി വാഗ്ദാനം നല്കിയാണ് പെൺകുട്ടികളെ കൊണ്ടുവരുന്നത്. എന്നാൽ, ഇവരെ പിന്നീട് മസാജ് പാർലറുകളിലാണ് നിയമിക്കുന്നത്.
ബ്യൂട്ടിപാർലർ ലൈസൻസിന്റെ മറവിലാണ് സംസ്ഥാനത്തെ പല മസാജ് സെന്ററുകളും ഇപ്പോൾ പ്രവർത്തിക്കുന്നത്. നവ മാധ്യമങ്ങളിലൂടെയാണ് ഇത്തരം കേന്ദ്രങ്ങൾ പ്രധാനമായും പ്രചാരണം നടത്തുന്നത്.
ഫെയ്സ് ബുക്കിൽ വരുന്ന ക്രോസ് മസാജ് പരസ്യങ്ങൾ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ക്രോസ് മസാജിംഗിന് നിയമപരമായ പരിരക്ഷയുണ്ടെന്നാണ് ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ പറയുന്നത്.
കണ്ണൂരിൽ 12, തലശേരിയിൽ നാല്
കണ്ണൂർ ജില്ലയിൽ മാത്രം പന്ത്രണ്ട് ക്രോസ് മസാജിംഗ് കേന്ദ്രങ്ങളാണുള്ളത്. തലശേരി നഗരത്തിൽ മാത്രം നാലുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
നഗരമധ്യത്തിൽ പ്രമുഖ അഭിഭാഷക ഓഫീസിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ഇത്തരം ഒരു കേന്ദ്രത്തിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് എത്തുന്നത്. സ്ഥാപനം അന്വേഷിച്ചെത്തുന്നവരോട് മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് പാവം അഭിഭാഷകൻ.
പരിശോധന നടത്താതെ അധികൃതർ
ക്രോസ് മസാജിംഗ് പരസ്യമാണ് ഇപ്പോൾ ഏറ്റവും കൂടുതലായി നവ മാധ്യമങ്ങളിൽ വരുന്നതും. ആഴ്ചയിലെ ഇട ദിവസങ്ങളിൽ എത്തുന്നവർക്ക് ഹാപ്പി എൻഡിംഗ് ഫ്രീയാണെന്ന വാഗ്ദാനവും ഇത്തരം കേന്ദ്രങ്ങൾ നൽകുന്നു.
ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതിന് കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടാറില്ല. പോലീസോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഇത്തരം കേന്ദ്രങ്ങളിൽ പരിശോധനകളും നടത്താറില്ല.
ആയുർവേദ ചികിത്സയുടെ മറവിലും
ആയുർവേദ ചികിത്സാ കേന്ദ്രങ്ങളുടെ പേരിലും വ്യാപകമായി സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ആയുർവേദ ഡോക്ടർമാരുടെ സംഘടന തന്നെ ഇത്തരം വ്യാജ ചികിത്സാകേന്ദ്രങ്ങളെക്കുറിച്ച് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ കേന്ദ്രങ്ങളിലെ ജീവനക്കാരായ ചില പെൺകുട്ടികൾ വഴിയാണ് മയക്കുമരുന്ന് വിപണം നടക്കുന്നത്. ഇടപാടുകാരുടെ താത്പര്യം മനസിലാക്കി ലഹരി വസ്തുക്കൾ വില്പന നടത്തുകയാണ് സംഘം ചെയ്തു വരുന്നത്.
ഇത്തരം കേന്ദ്രങ്ങളിൽ പരിശോധനകൾ ഇല്ലാത്തതിനാൽ സുരക്ഷിതമായ രീതിയിൽ മയക്കു മരുന്ന് വിപണനം നടത്താനും സാധിക്കുന്നു.
ഏതെങ്കിലും രീതിയിൽ ചോദ്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യാൻ ഗുണ്ടാ സംഘങ്ങളും സജീവമാണ്. കണ്ണൂർ – തളിപ്പറമ്പ് റൂട്ടിൽ പ്രവർത്തിക്കുന്ന ഇത്തരം ഒരു കേന്ദ്രത്തിന് സുരക്ഷയൊരുക്കുന്നത് ബോംബ് സ്ഫോടനത്തിൽ കൈപ്പത്തി നഷ്ടപ്പെട്ട യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പഴയകാല രാഷ്ട്രീയ ക്രിമിനലുകളുടെ സംഘമാണ് ചില മസാജിംഗ് സെന്ററുകളുടെ കാവൽക്കാർ.