ചെറുതോണി: സ്വകാര്യ ആംബുലൻസിൽ യുവതികൾക്കു നേരെ പീഡനശ്രമമെന്ന് പരാതി. യുവതികളെ ഇടുക്കി മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം.
ചെറുതോണിയിലെ ഒരു സ്വകാര്യ മെഡിക്കൽ ലാബിൽ പരിശീലനത്തിലേർപ്പെട്ടിരുന്ന പെൺകുട്ടികൾക്കുനേരെയാണ് അതിക്രമമുണ്ടായത്.
ഇന്നലെ വൈകി ക്രിസ്തുമസ് ആഘോഷവും കഴിഞ്ഞ് ലാബ് ഉടമ സ്വന്തം ആംബുലൻസിൽ രണ്ട് യുവതികളെയും വീട്ടിൽ കൊണ്ടു വിടാൻ ആവശ്യപ്പെട്ടു.
ചുരുളിയിലും കീരിത്തോട്ടിലുമാണ് ഇവർ താമസിക്കുന്നത്. കരിമ്പന്‍ സമീപം കട്ടിംഗിലെത്തിയപ്പോൾ വിജനമായ സ്ഥലത്ത് ഡ്രൈവർ ആംബുലൻസ് നിർത്തി.
വാഹനത്തിനു പിന്നിലെ ഡോർ തുറന്ന് അകത്തു കയറിയ ഡ്രൈവർ യുവതികളെ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടികൾ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.
ഇതോടൊപ്പം ഇരുവരും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ തള്ളി പുറത്താക്കി. ഇയാൾ വാഹനം സ്റ്റാർട്ടാക്കി യാത്ര തുടർന്നു.
ചുരുളിയിലെത്തിയപ്പോൾ രണ്ടു പെൺകുട്ടികളും ആംബുലൻസിൽ നിന്നിറങ്ങി ഓട്ടോ റിക്ഷ വിളിച്ച് വീട്ടിലേക്ക് പോയി. ഭയന്നു പോയ ഇവർ പരസ്പര വിരുദ്ധമായി സംസാരിക്കുകയും അവശതയിലുമായിരുന്നു.
വീട്ടുകാർ ഇവരെ ആദ്യം ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഞ്ഞിക്കുഴി പോലീസിൽ അറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തില്ലെന്ന് വീട്ടുകാർ പറയുന്നു. പോലീസ് നടപടിയുണ്ടായില്ലെങ്കിൽ സ്വകാര്യ ലാബിന് മുന്നിൽ നാട്ടുകാർ സമരം ചെയ്യാനാണു തീരുമാനം.