കോഴിക്കോട്: വിദേശ ടൂറിസ്റ്റിനെ കരിപ്പുര്‍ വിമാനത്താവളത്തില്‍വച്ചു പീഡിപ്പിച്ചതായി ആക്ഷേപം. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ കൊറിയന്‍ യുവതിയാണു പീഡനത്തിനിരയായത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശാരീരിക പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്.
യുവതിയെ പരിശോധിച്ച ഡോക്ടറുടെയും പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ദ്വിഭാഷിയുടെ സഹായത്തോടെ മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.
കോഴിക്കോട് നഗരത്തിലെ വിവിധഹോട്ടലുകളില് യുവതി ഈ മാസം താമസിച്ചതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് പീഡനത്തിനിരയായെന്നാണു യുവതി ടൗണ്‍ പോലീസിനോടു പറഞ്ഞത്.
അതേസമയം, കരിപ്പൂര്‍ പോലീസിനോടു യുവതി പറഞ്ഞത് കോഴിക്കോട് ബീച്ചില്‍വച്ച് പീഡനത്തിനിരയായെന്നാണ്.
മൊഴികളിലുള്ള ഈ വൈരുധ്യം പോലീസിനെയും കുഴക്കുന്നുണ്ട്. യുവതി മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്നുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അലസമായി നടക്കുന്നതു കണ്ടാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്.
ടൂറിസ്റ്റ് വീസയില്‍ കോഴിക്കോട്ട് എത്തിയ കൊറിയന്‍ യുവതി നാട്ടിലേക്കു തിരിച്ചുപോകാനായാണു വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.