കൈപ്പറന്പ് (തൃശൂർ): പുറ്റേക്കരയിൽ മർദനമേറ്റ് വഴിയിൽ കിടന്ന യുവാവ് ഇന്നു പുലർച്ചെ മരിച്ചു.
കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുറ്റേക്കര സ്വദേശി വലിയപുരയ്ക്കൽ കുഞ്ഞിരാമൻ മകൻ അരുണ്‍ലാൽ(38) ആണ് മരിച്ചത്.
ഇന്നലെ രാത്രി പുറ്റേക്കരയിൽ റോഡിന്റെ വശത്താണ് യുവാവിനെ മർദനമേറ്റ നിലയിൽ കണ്ടെത്തിയത്.
രാത്രി പത്തരയ്ക്കുശേഷമാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. അതുവരെ ഈ ഭാഗങ്ങളിൽ ആളുകളുണ്ടായിരുന്നു.
പതിനൊന്നോടെ ഇതുവഴി ഫുട്ബോൾ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നവരാണ് യുവാവ് വഴിയരുകിൽ കിടക്കുന്നത് കണ്ടത്.
ഉടൻ ആക്ട്സ് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. ആംബുലൻസിൽ കയറ്റുന്പോഴും ആശുപത്രിയിലെത്തുന്പോഴും ബോധമറ്റ നിലയിലായിരുന്നു.
ഇന്നു പുലർച്ചെ മൂന്നരയോടെ യുവാവ് മരിച്ച വിവരം പേരാമംഗലം പോലീസിൽ ആശുപത്രി അധികൃതർ വിളിച്ചറിയിക്കുകയായിരുന്നു.
ദേഹം മുഴുവൻ മുറിവുകളുണ്ട്. കൂടാതെ കന്പികൊണ്ടോ മറ്റോ അടിച്ചതിനെ തുടർന്ന് ചതഞ്ഞ നിലയിൽ പാടുകളും കാണാം.
മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് പോയതാണോയെന്നാണ് പോലീസിന്റെ സംശയം. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ ഭാഗത്തുള്ള സിസിടിവി കാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്.