ഭോപ്പാൽ: കാമുകിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചുനിരത്തി.
ധേര സ്വദേശിയായ പങ്കജ് ത്രിപാഠി (24)യുടെ വീടാണ് സർക്കാർ നിർദേശപ്രകാരം പൊളിച്ചുനീക്കിയത്. ഡ്രൈവറായ പങ്കജിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി.
19കാരിയായ കാമുകിയെ പങ്കജ് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കാമുകി വിവാഹാഭ്യർഥന നടത്തിയതിൽ അസ്വസ്ഥനായാണ് പങ്കജ് ത്രിപാഠി ആക്രമണം നടത്തിയത്.
തന്നെ വിവാഹം കഴിക്കണമെന്നു കാമുകി ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം. പിന്നാലെ പെൺകുട്ടിയെ പങ്കജ് അടിച്ചുവീഴ്ത്തുകയായിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താൻ ഉത്തരവിടുകയായിരുന്നു.
മധ്യപ്രദേശിലെ രേവ ജില്ലയിൽ ധേര ഗ്രാമത്തിലാണ് പ്രതിയുടെ വീട്. വീട് ബുൾഡോസറുപയോഗിച്ചു പോലീസ് പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ അനാസ്ഥ കാണിച്ചതിന് മൗഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.