കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയും സിപിഎമ്മും മാറ്റി നിർത്തിയ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം സമ്മാനദാനം നിർവഹിച്ചത് ഡിവൈഎഫ്ഐക്കുള്ളിലും പുറത്തും ചർച്ചയാകുന്നു.
തില്ലങ്കേരിയിൽ നടന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാന്പ്യൻമാരായ ടീമിനുള്ള ട്രോഫിയാണ് എം.ഷാജർ സമ്മാനിച്ചത്.
അതേ സമയം ഇക്കാര്യത്തിൽ ഷാജർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് ഡിവൈഎഫ്ഐക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായം ഉയർന്നിരിക്കുകയാണ്.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ആകാശ് തില്ലങ്കേരിക്കെതിരേ കടുത്ത നിലപാടായിരുന്നു ഡിവൈഎഫ്ഐ സ്വീകരിച്ചിരുന്നത്.
സ്വർണക്കടത്ത് – ക്വട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറയുകയും ചെയ്തിരുന്നു.
സ്വർണക്കടത്ത് വിവാദ വേളയിൽ ആകാശ് തില്ലങ്കേരിയുടെ പേരെടുത്ത് പറയാതെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ഷാജർ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.
“പകൽ മുഴുവൻ ഫെയ്സ് ബുക്കിലും രാത്രിയിൽ നാട് ഉറങ്ങുന്പോൾ കള്ളക്കത്തും നടത്തുന്ന പോരാളി സിംഹങ്ങൾ, കണ്ണൂരിനു പുറത്തുള്ളവർ സോഷ്യൽ മീഡിയ വഴി ഇവരുടെ ഫാൻസ് ലിസ്റ്റിൽ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്.
കള്ളക്കടത്തുകാർക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും സ്നേഹ ആശംസ അർപ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാകാതിരിക്കാൻ ഫാൻസ് ക്ലബുകാർ സ്വയം പിരിഞ്ഞു പോകുക.
ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോൾ തന്നെ ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ കാൽനടജാഥകൾ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്.
ഒടുവിൽ സംഘാംഗങ്ങളുടെ പേരെടുത്ത് തന്നെ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട് അതിനാൽ സംശയത്തിന് ഇടമില്ലാതെ യാഥാർഥ്യം തിരിച്ചറിയുക, ഇത്തരം അരാജകത്വ സംഘങ്ങളിൽ നിന്നും നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരിക” എന്നിങ്ങനെയായിരുന്നു പോസ്റ്റ്.
ഇത്തരം നിലപാട് സ്വീകരിച്ച വ്യക്തി കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നാണ് ഒരു വിഭാഗം ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നത്.