കൊച്ചി: സിംഗപ്പൂർ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതി മുഹമ്മദ് അലി തഹ്സീൻ (33) കൂടുതൽ തട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസ്.
ഇതിന്റെ തെളിവുകൾ ശേഖരിച്ചു വരികയാണ്. കൂടുതൽ ആളുകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഹൈദരാബാദ് ഹസനാബാദ് സ്വദേശിയായ പ്രതിയെ ഹൈദരാബാദിൽ നിന്നുമാണ് ഇന്നലെ കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് തഹ്സീൻ.
ഇയാൾ സൗദി അറേബ്യയിലാണെന്ന വിവരം ലഭിച്ചതിനെ തടുർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇക്കഴിഞ്ഞ 24ന് ഹൈദരാബാദ് എയർപോർട്ടിൽ ഇയാൾ എത്തിയ വിവരമറിഞ്ഞ് കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സിഐ കെ.ജെ.തോമസിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
എസ്ഐ കെ.പി.ബേബിയും സിപിഒ അജിത് രാജുവും സംഘത്തിലുണ്ടായിരുന്നു.വെണ്ണല സ്വദേശിനിയായ യുവതിയിൽ നിന്നാണ് പ്രതി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്.
2017ൽ കടവന്ത്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിന് 2021ന് കൊച്ചിസിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷന് കൈമാറി.
ഐടിഎ പഠിച്ച യുവതിക്കും ഭർത്താവിനും സിംഗപ്പൂർ എയർലൈൻസിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഫോണ് മുഖാന്തിരവും വാട്സ്ആപിലൂടെയും ബന്ധപ്പെട്ട് വ്യാജ വിമാനടിക്കറ്റും വിസയും അയച്ചു നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
വിസ സർവീസ് ചാർജായും ഡോക്യുമെന്റേഷൻ വെരിഫിക്കേഷൻ ഫീസായുമാണ് പണം ആവശ്യപ്പെട്ടത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ള സമാന കേസുകളിൽ ഇയാൾ ഉൾപ്പെട്ടി്ട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
കേസിലെ രണ്ടാം പ്രതിയായ സുനിൽ എന്നയാളെ കഴിഞ്ഞ മാസം ഹൈദരാബാദിൽ നിന്നു തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.